കണ്ണൂർ:മൊറാഴയിൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരെ ആക്രമണം.ആക്രമണത്തിൽ പരിക്കേറ്റ ബക്കളം പുന്നക്കുളങ്ങരയിലെ സി.മുബഷീർ(22),സി.എച് തൻസീർ(19) എന്നിവരെ തളിപ്പറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഇവരെ പതിനെട്ടോളം സിപിഎം പ്രവർത്തകർ ബൈക്കിൽ പിന്തുടർന്നു.ഒഴക്രോത്തെത്തിയപ്പോൾ മുബഷീറും തൻസീറും സഞ്ചരിച്ച ബൈക്കിന് ചുറ്റും സിനിമാ സ്റ്റൈലിൽ ബൈക്കുകൾ നിർത്തി ഇവരെ ചോദ്യം ചെയ്തു.ശേഷം മൊറാഴ ചിത്ര ഗേറ്റിനു സമീപത്തേക്ക് കൊണ്ടുപോയി ഇരുവരുടെയും ദേഹത്ത് താക്കോൽ ഉപയോഗിച്ച് വരയ്ക്കുകയും മർദിക്കുകയും ചെയ്തു എന്നാണ് പരാതി.കണ്ണൂരിൽ നിരാഹാരമനുഷ്ഠിക്കുന്ന കെ.സുധാകരന് അഭിവാദ്യമർപ്പിക്കാൻ പോയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ലീഗ് നേതൃത്വം ആരോപിച്ചു.
ഐഎൻഎക്സ് മീഡിയ പണമിടപാട് കേസിൽ കാർത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു
ചെന്നൈ:ഐഎൻഎക്സ് മീഡിയ പണമിടപാട് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു.യൂറോപ്പിൽ നിന്നും ചെന്നൈ വിമാനത്താവളത്തിലെത്തിയ കാർത്തിയെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. പി.ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കെ കാർത്തി ചിദംബരം വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള അനുമതി തരപ്പെടുത്താൻ ഐഎൻഎക്സ് മീഡിയയിൽ നിന്നും 3.5 കോടി രൂപ കോഴവാങ്ങിയെന്നാണ് സിബിഐ കേസ്.കഴിഞ്ഞ മെയിൽ രെജിസ്റ്റർ ചെയ്ത കേസിനെ തുടർന്നാണ് അറസ്റ്റ്.കേസിൽ കാർത്തിയുടെ ഓഡിറ്റർ ഭാസ്കരരാമനെ ദില്ലി എന്ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്ക്കാരം ഇന്ന്
മുംബൈ:അന്തരിച്ച നടി ശ്രീദേവിയുടെ സംസ്ക്കാരം ഇന്ന് നടക്കും.ഇന്നലെ രാത്രിയോടെ മൃതദേഹം മുംബയിലെ സ്വവസതിയിൽ എത്തിച്ചു.കുടുംബ സുഹൃത്തായ അനിൽ അംബാനിയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിച്ചത്.തങ്ങളുടെ പ്രിയനടിയെ ഒരുനോക്ക് കാണാനായി ആയിരങ്ങളാണ് മുംബൈയിൽ എത്തിച്ചേർന്നിരിക്കുന്നത്.ഇന്ന് രാവിലെ 9.30 മുതൽ 12.30 വരെ അന്ധേരിയിലെ ശ്രീദേവിയുടെ വസതിയായ ലോഖണ്ഡവാല കോംപ്ലക്‌സിന് സമീപമുള്ള സെലിബ്രേഷന്‍സ് ക്ലബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.ഉച്ചയ്ക്ക് രണ്ടുമണിയോടെ വിലാപയാത്രയായി മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോകും.ഉച്ചകഴിഞ്ഞ് 3.30നാണ് ചടങ്ങുകൾ. മുംബൈയിലെ പവന്‍ ഹാന്‍സിലെ വിലെ പാര്‍ലെ സേവ സമാജത്തിലെ ഹിന്ദു സെമിത്തേരിയിലാണ് ചടങ്ങുകൾ നടക്കുക.അതേസമയം ശ്രീദേവിയുടെ മരണം സംബന്ധിച്ചുള്ള എല്ലാ അന്വേഷണവും അവസാനിപ്പിക്കുന്നതായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.ശ്രീദേവിയുടെ മരണത്തിൽ ദുരൂഹതയില്ലെന്നും അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്നുമുള്ള ഫോറൻസിക് റിപ്പോർട് പ്രോസിക്യൂഷൻ ശരിവെച്ചു.വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് കേസ് അവസാനിപ്പിക്കുന്നതെന്നും ദുബായ് പോലീസ് വ്യക്തമാക്കി.
ബസ് ചാർജ് വർധന നാളെ മുതൽ നിലവിൽ വരും
തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് ചാർജ് വർധന നാളെ മുതൽ നിലവിൽ വരും. വിദ്യാത്ഥികളുടെ മിനിമം നിരക്ക് ഒരുരൂപയിൽ തന്നെ നിലനിർത്തിക്കൊണ്ടാണ് ചാർജ് വർധന നടപ്പിലാക്കുന്നത്.അതേസമയം രണ്ടാമത്തെ ഫെയർ സ്റ്റേജിൽ ഒരു രൂപ കുറച്ചു.നിലവിൽ ഒൻപത് രൂപയായിരുന്നത് എട്ടായി കുറഞ്ഞു.വർധനയുടെ 25 ശതമാനം മാത്രം ഈടാക്കാനാണ് സർക്കാർ ഉത്തരവിലുള്ളത്.ഇത് പ്രകാരം ഒരുരൂപ വർധിപ്പിക്കുമ്പോൾ 25 പൈസ മാത്രമേ രണ്ടാം സ്റ്റേജിൽ ഈടാക്കാനാകൂ.എന്നാൽ 50 പൈസക്ക് താഴെയുള്ള വർധന കണക്കിലെടുക്കാൻ കഴിയില്ല. ഇതിനാൽ പഴയ നിരക്ക് തന്നെ തുടരും.ഇതാണ് രണ്ടാം സ്റ്റേജിൽ നിരക്കുവർധന ഒഴിവായത്. പത്തുരൂപ നിരക്കുള്ള മൂന്നാം സ്റ്റേജിൽ രണ്ടുരൂപയാണ് വിദ്യാർത്ഥികളുടെ നിരക്ക്.12,13 രൂപ ഈടാക്കുന്ന നാല്,അഞ്ച് സ്റ്റേജുകളിൽ രണ്ടു രൂപ ഈടാക്കിയിരുന്നത് മൂന്നു രൂപയായി ഉയർത്തി. പുതിയ നിരക്കുപ്രകാരം ദീർഘദൂരം യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് കാര്യമായ വർധന.കോളേജ് വിദ്യാർത്ഥികളെയാകും ഇത് കാര്യമായി ബാധിക്കുക.22 രൂപയുടെ പത്താം സ്റ്റേജിൽ 3.50 പൈസ ആയിരുന്നത് 7 രൂപയായി ഉയർന്നിട്ടുണ്ട്. ജന്റം,ലോ ഫ്ലോർ എ.സി,നോൺ എ.സി,സൂപ്പർ എയർ എക്സ്പ്രസ്,മൾട്ടി ആക്സിൽ സ്‌കാനിയ,വോൾവോ ബസ്സുകളുടെ നിരക്കും നാളെ മുതൽ വർധിപ്പിക്കും.ജന്റം ലോ ഫ്ലോർ നോൺ എ.സി ബസ്സുകളുടെ മിനിമം നിരക്ക് എട്ടു രൂപയിൽ നിന്നും പത്തു രൂപയാക്കി.ലോ ഫ്ലോർ എ.സി ബസ്സുകളുടെ മിനിമം നിരക്ക് 15 രൂപയിൽ നിന്നും 20 രൂപയാക്കി.
മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ സോലാപൂരിൽ ജീപ്പ് കാറിലിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ അഞ്ച് പേർ മരിച്ചു.ഏഴ് പേർക്ക് പരിക്കേറ്റു.സോലാപുർ-തുൽസാപുർ ഹൈവേയിൽ പുലർച്ചെ 6.30 ഓടെയാണ് അപകടമുണ്ടായത്.ഹൈവേയുടെ ഓരത്തെ ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് നിയന്ത്രണം തെറ്റിവന്ന ജീപ്പ് ഇടിച്ചുകയറുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്. ഹൈവേയിൽ നിന്ന കാട്ടുപന്നിയെ ഇടിക്കാതിരിക്കാൻ ജീപ്പ് ഡ്രൈവർ വാഹനം വെട്ടിത്തിരിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണമായും തകർന്നു. ജീപ്പിലുണ്ടായിരുന്നവർ പുറത്തേക്ക് തെറിച്ചുപോയെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
മസ്കറ്റിൽ കടൽവെള്ളം ചുവപ്പുനിറമാകുന്നു;ഒമാൻ മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി
മസ്‌ക്കറ്റ്:മസ്‌ക്കറ്റിൽ കടൽവെള്ളം ചുവപ്പുനിറമാകുന്നു.ഇതോടെ ഒമാൻ മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.ബർക്കയിലാണ് കടൽവെള്ളം ചുവപ്പുനിറമാകുന്നത് കണ്ടെത്തിയിരിക്കുന്നത്. ഇത് കുടിവെള്ള വിതരണത്തെ ബാധിക്കുമെന്നതിനാൽ മസ്‌ക്കറ്റ് സീബ്,ദാഖിലിയ തുടങ്ങിയ മേഖലയിലെ ജനങ്ങൾ ജലഉപഭോഗത്തിൽ മിതത്വം പാലിക്കണമെന്ന് വൈദ്യുതി ജല പൊതു അതോറിറ്റി അറിയിച്ചു.’റെഡ് ടൈഡ്’ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. സൂക്ഷമ ജീവികളുടെ വിഭാഗത്തിൽപ്പെടുന്ന പ്ലവകങ്ങളുടെ എണ്ണം കടൽവെള്ളത്തിൽ അതിവേഗം പെരുകുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം.ഇതിന്റെ ഭാഗമായി കടൽവെള്ളത്തിൽ ഓക്സിജന്റെ അളവ് കുറയുകയും ചെയ്യും.
ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈകോടതിയിൽ ഹർജി നൽകി
കൊച്ചി:യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകി.ഹർജി ജസ്റ്റിസ് കമാൽ പാഷയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഇന്ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം നടത്തണമെന്നുമാണ് പിതാവ് സി.പി മുഹമ്മദ് ആവശ്യപ്പെട്ടത്. സംഭവത്തിൽ ഉന്നതതല ഗൂഢാലോചന സംശയിക്കുന്നുവെന്നും ഇത് പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം ആവശ്യമാണെന്നും മാതാപിതാക്കൾ ഹൈക്കോടതിയെ അറിയിച്ചു.ഷുഹൈബ് വധത്തിൽ നിയമനടപടികൾ സ്വീകരിക്കാൻ യുഡിഎഫും തീരുമാനിച്ചിരുന്നു.ഇതിന്റെ ഭാഗമായാണ് ഇന്ന് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ദുരൂഹതകൾ നീങ്ങി;ശ്രീദേവിയുടെ മൃതദേഹം ഇന്ന് വിട്ടുനൽകും
ദുബായ്:നടി ശ്രീദേവിയുടെ മൃതദേഹം വിട്ടുനൽകാൻ ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ അനുമതി നൽകി.മൃതദേഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരും. മരണം സംബന്ധിച്ച അന്വേഷണം നടത്തിയ ശേഷമാണ് പബ്ലിക് പ്രോസിക്യൂട്ടർ മൃതദേഹം വിട്ടുനൽകാനുള്ള അനുമതി പത്രം നൽകിയത്. എംബാം നടപടികൾ പൂർത്തിയാക്കി രാത്രിയോടെ മൃതദേഹം മുംബൈയിൽ എത്തിക്കാനാണ് ബന്ധുക്കളും ഇന്ത്യൻ കോൺസുലേറ്റ് അധികൃതരും ശ്രമിക്കുന്നത്. ശ്രീദേവിയുടെ തലയിൽ ആഴത്തിലുള്ള മുറിവേറ്റിരുന്നു.ഇതാണ് പൊലീസിന് സംശയങ്ങൾക്ക് ഇടനൽകിയത്.ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ബോണി കപൂറിനെ ദുബായ് പോലീസ് മൂന്ന് തവണ ചോദ്യം ചെയ്തിരുന്നു.അഭ്യൂഹങ്ങളെല്ലാം തള്ളി ശ്രീദേവിയുടേത് അപകടമരണം തന്നെയെന്ന നിലപാടിലാണ് പോലീസ് എത്തിച്ചേർന്നിരിക്കുന്നത്.ഇതോടെ കേസ് അവസാനിക്കുമെന്നാണ് കരുതുന്നത്.ശനിയാഴ്ച രാത്രിയാണ് ശ്രീദേവിയെ ദുബായിലെ ആഡംബര ഹോട്ടലിനുള്ളിലെ ബാത്ത് ടബിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിക്കാൻ കയറിയ ശ്രീദേവിയെ 15 മിനിറ്റിന് ശേഷവും കാണാതെ വന്നതോടെ ഭർത്താവ് ബോണി കപൂർ വാതിൽ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് ചലനമറ്റ നിലയിൽ കണ്ടത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
ഷുഹൈബ് വധം;കെ.സുധാകരൻ നിരാഹാരസമരം അവസാനിപ്പിച്ചു
കണ്ണൂർ:യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കണ്ണൂരിൽ കെ.സുധാകരൻ നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.മുഴുവൻ പ്രതികളെയും പിടികൂടുക,കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സുധാകരൻ സമരം ആരംഭിച്ചത്.ഒൻപതു ദിവസം നീണ്ടുനിന്ന സമരം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി സമരപ്പന്തലിലെത്തി നാരങ്ങാനീര് നൽകിയാണ് അവസാനിപ്പിച്ചത്. കൊല്ലപ്പെട്ട ശുഹൈബിന്റെ കുടുംബാംഗങ്ങൾ,കോൺഗ്രസ് നേതാക്കളായ തെന്നല ബാലകൃഷ്ണപ്പിള്ള,വയലാർ രവി എന്നിവരും സമരപന്തലിൽ എത്തിയിരുന്നു.
കണ്ണൂരിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു
കണ്ണൂർ:കണ്ണൂരിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു.കണിച്ചാർ വലയംചാലിൽ ഇന്ന് രാവിലെ ഒൻപതുമണിയോടു കൂടിയാണ് അപകടം നടന്നത്.വലയംചാലിൽ വെട്ടുനിരപ്പിൽ റെജി,ഭാര്യാമാതാവ് സൂസമ്മ,പിതാവ് രാജൻ എന്നിവർക്കാണ് പരിക്കേറ്റത്. അടുപ്പിൽ നിന്നും സിലിണ്ടറിലേക്ക് തീ പടരുകയായിരുന്നു. സിലിണ്ടറിൽ ചോർച്ചയുള്ളതു ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.അടുക്കളയിൽ ഉണ്ടായിരുന്ന സൂസമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയതാണ് റെജിയും രാജനും.നിലവിളികേട്ട് എത്തിയ നാട്ടുകാർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പേരാവൂരിൽ നിന്നെത്തിയ അഗ്നിശമനസേന പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.അടുക്കളഭാഗം പൂർണ്ണമായും കത്തിനശിച്ചു.