News Desk

തേനിയിലെ കാട്ടുതീ നിയന്ത്രണവിധേയം

keralanews the fire in theni forest is under control

തേനി:കേരള-തമിഴ്നാട് അതിർത്തിയിലെ തേനി ജില്ലയിൽ കുരങ്ങണി വനത്തിലെ കാട്ടുതീ നിയന്ത്രണവിധേയമായി. വനംവകുപ്പും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. സംഭവത്തിൽ പത്ത് പേർ മരിച്ചതായാണ് റിപ്പോർട്ട്.വനത്തിൽ കുടുങ്ങിക്കിടന്നിരുന്ന 25 ഓളം പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മലനിരയിൽ ഇനിയും നാലു പേർ കുടുങ്ങിക്കിടപ്പുണ്ടെന്ന വിവരത്തെ തുടർന്ന് വ്യോമസേനയും കമാൻഡോകളും തെരച്ചിൽ തുടരുകയാണ്. ചെന്നെയിൽ നിന്നും തിരുപ്പൂർ,ഈറോഡ് ഭാഗങ്ങളിൽ നിന്നും എത്തിയ വിനോദയാത്ര സംഘമാണ് കാട്ടുതീയിൽ കുടുങ്ങിയത്.ചെന്നൈയിൽ നിന്നും 24 പേരടങ്ങിയ സംഘം ഒരു ബസ്സിലും തിരുപ്പൂർ,റോഡ് ഭാഗത്തുനിന്നെത്തിയ 12 പേരടങ്ങുന്ന സംഘം മറ്റൊരു ബസ്സിലുമായാണ് തേനിയിലെത്തിയത്. ചെന്നൈ ട്രക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സംഘം കുരങ്ങിണി വനത്തിലെത്തിയത്. തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂർ വഴിയാണ് സംഘം കുരങ്ങിണിയിലെത്തിയത്.ശേഷം രണ്ടു സംഘമായി പിരിഞ്ഞായിരുന്നു ട്രക്കിങ്.ഒരുസംഘം കൊടൈക്കനാൽ-കൊളുക്കുമല വഴി വനത്തിലേക്ക് കടന്നു.രണ്ടാമത്തെ സംഘം എതിർവശത്തുകൂടി കുരങ്ങിണിയിലേക്ക് കടന്നു.കാട്ടുതീ പടരുന്ന പ്രദേശമായതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. സംഘം അനധികൃതമായി മല കയറിയതാണെന്നാണ് കരുതുന്നത്. ആദ്യസംഘം വൈകുന്നേരം അഞ്ചുമണിയായപ്പോഴേക്കും കുരങ്ങിണിയിലെത്തി. രണ്ടാമത്തെ സംഘം എത്തിയപ്പോഴേക്കും കാട്ടുതീ പടർന്നു.ഉണങ്ങിയ പുല്ലിലും മരങ്ങളിലും വേഗത്തിൽ തീ പടർന്നതോടെ കാട്ടിനകത്തുനിന്നും രക്ഷപെടാൻ പറ്റാതെയായി.കാട്ടിലകപ്പെട്ട ഒരാൾ വിവരം വീട്ടിൽ വിളിച്ചറിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വീട്ടുകാർ വിവരം വനംവകുപ്പിന്റെ അറിയിക്കുകയും ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ തുടങ്ങുകയുമായിരുന്നു.

തേനിയിൽ കാട്ടുതീ;പത്തുപേർ മരിച്ചു

keralanews fire in theni forest ten died

തേനി:കേരള-തമിഴ്‌നാട് അതിർത്തിയിൽ തേനി ജില്ലയിലെ കുരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയിൽ പത്തുപേർ മരിച്ചു.25 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പൊള്ളലേറ്റ പതിനഞ്ചു പേരുടെ നില ഗുരുതരമാണ്.വനത്തിൽ കുടുങ്ങിയ ഏഴുപേരെ ഇനിയും കണ്ടെത്താനുണ്ട്. ചെന്നൈ ട്രക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വനത്തിൽ ട്രക്കിങ്ങിനായി എത്തിയവരാണ് കാട്ടുതീയിൽ കുടുങ്ങിയത്.പശ്ചിമഘട്ടത്തിലെ കുരങ്ങണി മലയിലായിരുന്നു ട്രക്കിംഗ് സംഘം കുടുങ്ങിയത്.കാട്ടുതീ പടരുന്ന പ്രദേശമായതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. സംഘം അനധികൃതമായി മല കയറിയതാണെന്നാണ് കരുതുന്നത്. മൂന്നാറിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം വിദ്യാർഥികളും രക്ഷിതാക്കളും അടങ്ങുന്ന സംഘം മലകയറുകയായിരുന്നു. കാട്ടുതീ പടർന്നതോടെ ചിതറിയോടി വിദ്യാർത്ഥികളുടെ സംഘം മലയിടുക്കിൽ കുടുങ്ങിയതാണ് അപകട കാരണം.വനയാത്രയ്ക്ക് പോയ 37 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ പലരും വനത്തിൽ കുടുങ്ങിക്കിടക്കുകയാണ്.ഇവരെ വ്യോമസേനയുടെ ഹെലിക്കോപ്റ്ററിൽ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ,അഗ്നിശമന സേന, കമാൻഡോകൾ,വനം വകുപ്പ് ഉദ്യോഗസ്ഥർ,നാട്ടുകാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.വനത്തിൽ കുടുങ്ങിക്കിടക്കുന്നവരിൽ എൺപതുശതമാനത്തോളം പൊള്ളലേറ്റവരും ഉണ്ടെന്നാണ് സൂചന.പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്നതിനാൽ  മരണസംഘ്യ ഇനിയും ഉയരാനാണ്‌ സാധ്യത.

ആന്ധ്രായിൽ വാഹനാപകടത്തിൽ നാല് കാസർകോഡ് സ്വദേശികൾ മരിച്ചു

keralanews four malayalees died in an accident in andra

ഹൈദരാബാദ്:ആന്ധ്രായിലെ ചിറ്റൂരിൽ വാഹനാപകടത്തിൽ നാല് കാസർകോഡ് സ്വദേശികൾ മരിച്ചു.നാലുപേർക്ക് പരിക്കേറ്റു. കാസർകോഡ് കുമ്പള സ്വദേശികളായ ബാദ്വീർ ഗെട്ടി,മഞ്ചപ്പ ഗെട്ടി,സദാശിവം,ഗിരിജ എന്നിവരാണ് മരിച്ചത്.പരിക്കേറ്റ നാലുപേരിൽ ഒരാളുടെ നില ഗുരുതരമാണ്.

മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

keralanews warning that the fishermen not to go to sea

തിരുവനന്തപുരം:തെക്കൻ തമിഴ്‌നാടിനും ശ്രീലങ്കയ്‌ക്കുമിടയിൽ ന്യൂനമർദ മേഖല രൂപപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.2.6 മീറ്റർ മുതൽ 3.2 മീറ്റർ വരെ ഉയരമുള്ള  തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതായി മുന്നറിയിപ്പിലുണ്ട്.കന്യാകുമാരി മേഖലയിലേക്ക് അടുത്ത 36 മണിക്കൂർ മത്സ്യബന്ധനത്തിനായി പോകരുതെന്നാണ് നിർദേശം. കടലിൽ 50 കിലോമീറ്റർ വേഗതയിൽ വരെ കാറ്റടിക്കാൻ സാധ്യയുള്ളതിനാലാണിത്. അടുത്ത 36 മണിക്കൂർ നേരത്തേക്ക് കന്യാകുമാരി,ശ്രീലങ്ക, ലക്ഷദ്വീപ്,തിരുവനന്തപുരം ഉൾക്കടലിൽ മൽസ്യബന്ധനം നടത്തരുതെന്ന് ജില്ലാ കലക്റ്റർ വാസുകി അറിയിച്ചു.തീരദേശമേഖലയിൽ ജാഗ്രത പുലർത്താൻ റെവന്യൂ,ഫിഷറീസ് വകുപ്പുകൾക്കും കോസ്റ്റൽ പോലീസിനും നിർദേശം നൽകിയിട്ടുണ്ട്.

തളിപ്പറമ്പിൽ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു

keralanews sfi activist stabbed in thalipparamba

കണ്ണൂർ:തളിപ്പറമ്പിൽ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു.എസ്എഫ്ഐ നേതാവ് ഞാറ്റുവയൽ സ്വദേശി എൻ.വി കിരണിനാണ്(19) കുത്തേറ്റത്.ഇന്ന് പുലർച്ചെ നാലുമണിയോട് കൂടി തൃച്ചംബരം ഡ്രീം പാലസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ചാണ് കുത്തേറ്റത്.നെഞ്ചിനും കാലിനും പരിക്കേറ്റ ഇയാളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കോ-ഓപ്പറേറ്റീവ് കോളേജ് എസ്എഫ്ഐ കോളജ് യുണിറ്റ് ജോയിന്റ് സെക്രെട്ടറിയും യൂണിയൻ ജനറൽ സെക്രെട്ടറിയുമാണ് കിരൺ.അക്രമത്തിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് എസ്എഫ്ഐ പ്രാദേശിക നേതൃത്വം ആരോപിച്ചു.സംഭവവുമായി ബന്ധപ്പെട്ട നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.അക്രമത്തിനു പിന്നിൽ പതിനഞ്ചംഗ സംഘമാണെന്നാണ് വിവരം.

സന്തോഷ് ട്രോഫി ഫുട്ബോൾ;കേരളത്തെ രാഹുൽ നയിക്കും

keralanews santhosh trophy football rahul will lead kerala team

കോഴിക്കോട്:സന്തോഷ് ട്രോഫി ഫുട്ബോളിനായുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു.ദക്ഷിണമേഖലാ യോഗ്യതാറൗണ്ടില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായ ടീമിൽ യാതൊരുമാറ്റവും വരുത്താതെയാണു ഫൈനൽ റൗണ്ടിലേക്കുള്ള ഇരുപതംഗ ടീമിനെ കോഴിക്കോട്ട് പ്രഖ്യാപിച്ചത്. തൃശൂര്‍ സ്വദേശിയായ പ്രതിരോധനിരതാരം രാഹുൽ വി. രാജ് തന്നെ കേരള ടീമിനെ നയിക്കും. മിഡ്ഫീല്‍ഡര്‍ എസ്. സീസണാണ് വൈസ് ക്യാപ്റ്റന്‍. അഞ്ച് കെഎസ്ഇബി താരങ്ങളും അഞ്ച് എസ്ബിഐ താരങ്ങളും ടീമിലുണ്ട്. കേരള പോലീസ്, ഗോകുലം കേരള എഫ്സി, എഫ്സി കേരള എന്നീ ടീമുകളില്‍നിന്നു രണ്ട് പേർ വീതവും സെന്‍ട്രല്‍ എക്‌സൈസില്‍നിന്ന് ഒരാളും സെന്‍റ് തോമസ് കോളജ് തൃശൂര്‍, ക്രൈസ്റ്റഅ കോളജ് ഇരിങ്ങാലക്കുട, മമ്പാട് കോളജ് എന്നിവിടങ്ങളില്‍നിന്ന് ഒരാള്‍ വീതവും ടീമിൽ ഇടം നേടിയിട്ടുണ്ട്. സതീവന്‍ ബാലനാണു മുഖ്യപരിശീലകന്‍. സഹപരിശീലകനായ ബിജേഷ് ബെന്നിനു പകരം ഷാഫി അലിയെ ഗോള്‍കീപ്പര്‍ പരിശീലകനായി തെരഞ്ഞെടുത്തു. പി.സി.എം.ആസിഫ് ടീം മാനേജരും, എസ്. അരുണ്‍രാജ് ഫിസിയോയുമാണ്. ഐസിഎല്‍ ഫിന്‍കോര്‍പ്പാണു ടീമിന്‍റെ മുഖ്യസ്‌പോണ്‍സര്‍. ഫൈനല്‍ റൗണ്ടില്‍ ബംഗാള്‍, മണിപ്പുര്‍, മഹാരാഷ്‌ട്ര, ചണ്ഡിഗഡ് എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ‘എ’ യിലാണ് കേരളം. 19ന് ചണ്ഡിഗഡുമായാണു ഫൈനല്‍ റൗണ്ടില്‍ കേരളത്തിന്‍റെ ആദ്യമത്സരം. 23നു മണിപ്പുരിനെയും, 25നു മഹാരാഷ്‌ട്രയെയും 27നു ബംഗാളിനെയും കേരളം നേരിടും.രണ്ട് ഗ്രൂപ്പുകളില്‍ നിന്നായി ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിഫൈനലിലേക്കു യോഗ്യത നേടും. മാര്‍ച്ച് 30 നാണ് സെമിഫൈനല്‍. ഏപ്രില്‍ ഒന്നിന് ഫൈനല്‍.

ഷുഹൈബ് വധക്കേസ് പ്രതികളെ സിപിഎമ്മിൽ നിന്നും പുറത്താക്കി

keralanews shuhaib murder case accused expelled from cpm

കണ്ണൂർ:യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എടയന്നൂരിലെ ശുഹൈബിന്റെ കൊലപാതകത്തിൽ പ്രതികളായ പ്രവർത്തകരെ സിപിഎമ്മിൽ നിന്നും പുറത്താക്കി. ഇന്ന് കണ്ണൂരിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് കേസിലെ പ്രതികളായ നാല് പ്രവർത്തകരെ പുറത്താക്കിയത്. എം.വി. ആകാശ്, ടി.കെ. അസ്കർ, കെ. അഖിൽ, സി.എസ്. ദീപ്ചന്ദ് എന്നിവരെയാണ് പുറത്താക്കിയത്. പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടി.മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.ശുഹൈബ് വധവുമായി സിപിഎമ്മിനു ബന്ധമില്ലെന്ന് കോടിയേരി ബാലകൃഷ്ണനും കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാൽ പാർട്ടി പ്രവർത്തകരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നതെന്നും ഇവർക്കെതിരേ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞിരുന്നു.

കണ്ണൂരിൽ സ്ഥാപിച്ച കൊലപാതക ദൃശ്യങ്ങൾ അടങ്ങിയ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യാൻ ജില്ലാ പോലീസ് മേധാവി നിർദേശം നൽകി

keralanews the district police chief has ordered to remove the flex boards containing the murder scene found in kannur

കണ്ണൂർ:കണ്ണൂരിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കൊലപാതക ദൃശ്യങ്ങൾ അടങ്ങിയ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യാൻ ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം പോലീസ് സ്റ്റേഷനുകൾക്ക് നിർദേശം നൽകി.വഴിയരികിലെ ഇത്തരം ദൃശ്യങ്ങൾ കുട്ടികളിലും സ്ത്രീകളിലും ഗുരുതര മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായുള്ള പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.ഇതേ തുടർന്ന് ജില്ലാ ഭരണകൂടവുമായി ആലോചിച്ച  ശേഷമാണ് ഫ്ലെക്സുകൾ നീക്കാൻ ധാരണയായത്.അതേസമയം പരിപാടികളുടെ ഭാഗമായി സ്ഥാപിച്ച ഫ്‌ളെക്‌സുകളോ ബോർഡുകളോ നീക്കം ചെയ്യില്ലെന്നും മേധാവി വ്യക്തമാക്കി.ഏറ്റവും കൂടുതൽ ഫ്ലെക്സുകൾ സ്ഥാപിച്ച കണ്ണൂർ ജില്ലാ ആസ്ഥാനത്തെ ഫ്ളക്സുകൾ രണ്ടു ദിവസത്തിനകം നീക്കം ചെയ്യുമെന്ന് കണ്ണൂർ ടൌൺ പോലീസ് അറിയിച്ചു.

സിപിഎം കണ്ണൂർ ജില്ലാ സെക്രെട്ടറിയേറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു

keralanews cpm kannur district secretariat members were elected

കണ്ണൂർ:സിപിഎം കണ്ണൂർ ജില്ലാ സെക്രെട്ടറിയേറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു.യുവനിരയ്ക്ക് പ്രാതിനിധ്യം നൽകി 11 അംഗ സെക്രട്ടറിയേറ്റിനെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്.പി. ജയരാജന്‍, എം. പ്രകാശന്‍, എം. സുരേന്ദ്രന്‍, വത്സന്‍ പനോളി, എന്‍. ചന്ദ്രന്‍, കാരായി രാജന്‍ എന്നിവർ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായി തുടരും. ടി.ഐ. മധുസൂദനന്‍, പി. ഹരീന്ദ്രന്‍, ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍, പി. പുരുഷോത്തമന്‍, പി.വി. ഗോപിനാഥ് എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയേറ്റ് അംഗങ്ങള്‍.നിലവിലെ അംഗങ്ങളായ സി. കൃഷ്ണൻ, വി. നാരായണൻ, ഒ.വി. നാരായണൻ, കെ.എം. ജോസഫ്, കെ.കെ. നാരായണൻ എന്നിവരെ ഒഴിവാക്കി. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി. കൃഷ്ണനെ നേരത്തെ ഒഴിവാക്കിയിരുന്നു.ഇന്നു രാവിലെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം എം.വി. ജയരാജന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്. യോഗത്തില്‍ സിപിഎം പിബി അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, കെ.കെ. ശൈലജ , സംസ്ഥാന കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു

keralanews started judicial probe in madhus murder

പാലക്കാട്:അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതി നിർദേശപ്രകാരമുള്ള ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു. മണ്ണാർക്കാട് ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം.രമേശാണ് അട്ടപ്പാടിയിലെത്തി അന്വേഷണം ആരംഭിച്ചത്.നാട്ടുകാർ മധുവിനെ പിടികൂടിയ മുക്കാലി വനമേഖലയും കൊണ്ടുനടന്ന് മർദിച്ച മറ്റു സ്ഥലങ്ങളുമെല്ലാം മജിസ്‌ട്രേറ്റ് സന്ദർശിച്ച് തെളിവെടുപ്പ് നടത്തും. മധുവിന്റെ അമ്മ മല്ലി,സഹോദരിമാർ എന്നിവരിൽ നിന്നും മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം പോലീസ് പ്രതികളെ അട്ടപ്പാടിയിലെത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തിയിരുന്നു.മധുവിന്റെ മരണം ആൾക്കൂട്ട മർദ്ദനമേറ്റാണെന്നാണ് പോലീസ് വാദം. ആൾകൂട്ടം മധുവിനെ തല്ലിച്ചതച്ച് പൊലീസിന് കൈമാറുകയായിരുന്നു.പോലീസ് സ്റ്റേഷനിലേക്ക് ജീപ്പിൽ കൊണ്ടുപോകും വഴിയാണ് മധുവിന്റെ  മരണം സംഭവിച്ചത്. ഇക്കാര്യത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.ഇതേകുറിച്ചും ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം നടത്തും.ക്രൂരമർദ്ദനമേറ്റാണ് മധു കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.മധുവിന്റെ ശരീരത്തിൽ അൻപതോളം മുറിവുകൾ ഉണ്ടെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ.മർദനത്തിനിടയിൽ തലയ്‌ക്കേറ്റ അടിയും മുറിവിലൂടെയുള്ള രക്തസ്രാവവുമാണ് മധുവിന്റെ മരണത്തിന് കാരണമെന്നാണ് കണ്ടെത്തൽ.