News Desk

ആലപ്പുഴ കണ്ണൂർ എക്സ്പ്രസിൽ അജ്ഞാതൻ യാത്രക്കാരെ പെട്രോളൊഴിച്ച് തീകൊളുത്തി;രക്ഷപ്പെടാൻ പുറത്തേയ്‌ക്ക് ചാടിയതെന്ന് കരുതുന്ന മൂന്ന് പേർ മരിച്ചു; മൃതദേഹങ്ങൾ ട്രാക്കിൽ

കോഴിക്കോട്: ഓടുന്ന ട്രെയിനിനുള്ളിൽ യാത്രക്കാര്‍ക്ക് നേരെ പെട്രോളൊഴിച്ച് തീ കൊളുത്തി. ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. തീകൊളുത്തിയത് കോഴിക്കോട് എലത്തൂര്‍ പാലത്തില്‍ വെച്ചാണ്. D1 കമ്പാർട്ട്മെന്റിലാണ് തീ പടർന്നത്. സംഭവത്തില്‍ എട്ട് പേര്‍ക്ക് പൊള്ളലേറ്റു. 5 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ട്രാക്കിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അക്രമം കണ്ട് രക്ഷപ്പെടാൻ ട്രെയിനിൽ നിന്ന് ചാടിയവരാകാമെന്നാണ് പൊലീസ് പറയുന്നത്.യുവതിയുടേയും കുഞ്ഞിന്റേയും ഒരു മധ്യവയസ്‌കന്റേയും മൃതദേഹങ്ങളാണ് ട്രാക്കില്‍ കണ്ടെത്തിയത്.പാലത്തിനും എലത്തൂര്‍ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ് മൂന്ന് മൃതദേഹങ്ങളും ഉണ്ടായിരുന്നത്. കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ് -ജസീല ദമ്പതിമാരുടെ മകള്‍ ഷഹ്റാമത്ത് (രണ്ടര വയസ്സ്), ജസീലയുടെ സഹോദരി കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്റിയ മന്‍സിലില്‍ റഹ്‌മത്ത് (45) എന്നിവരാണ് മരിച്ചത്. മരിച്ച മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രാക്കില്‍ തലയിടിച്ച് വീണ നിലയിലായിരുന്നു മൂന്നുപേരും.കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു കണ്ണൂരിലേക്കു പുറപ്പെട്ട ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനിൽ ഇന്നലെ രാത്രി 9.11 ഓടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തീ ആളിപ്പടർന്നതോടെ യാത്രക്കാർ അടുത്ത കോച്ചിലേക്ക് ഓടി. ചിലർ ചങ്ങല വലിച്ചതോടെ ട്രെയിൻ കോരപ്പുഴ പാലത്തിൽ പിടിച്ചിട്ടു. ഈ സമയത്താണ് അക്രമി കടന്നു കളഞ്ഞത്.പെട്രോൾ സ്പ്രേ ചെയ്‌ത ശേഷം തീകൊളുത്തുകയായിരുന്നു എന്നാണ് വിവരം. അക്രമിക്കും പൊള്ളലേറ്റതായും സൂചനയുണ്ട്. അക്രമം ഉണ്ടായ D1, D2 കോച്ചുകൾ പൊലീസ് സീൽ ചെയ്‌തു.പൊള്ളലേറ്റവരിൽ ഒമ്പത് പേരില്‍ രണ്ടുപേരുടെനില ഗുരുതരമാണ്. കണ്ണൂര്‍ സ്വദേശികളായ വക്കീല്‍ ഗുമസ്തന്‍ കതിരൂര്‍ നായനാര്‍ റോഡ് പൊയ്യില്‍ വീട്ടില്‍ അനില്‍ കുമാര്‍ (50), മകന്‍ അദ്വൈദ് (21) എന്നിവരാണവര്‍. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അക്രമിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് പ്രാഥമിക വിവരം. അക്രമി ആരെന്ന് വ്യക്തമല്ല എന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. ഇയാൾക്കായി തെരച്ചിൽ തുടങ്ങി.അതേസമയം സംഭവത്തിന് ശേഷം ഒരാൾ ബൈക്കിൽ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അക്രമം നടത്തിയത് ടിക്കറ്റ് റിസർവ് ചെയ്ത് വന്നയാളല്ലയെന്ന് ടിടിആർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.ബൈക്കുമായി ഒരാൾ എത്തുകയും ഇറങ്ങി വന്നയാൾ ബൈക്കിൽ കയറി രക്ഷപ്പെടുകയുമായിരുന്നു. ഇറങ്ങി വന്നയാൾ കൈ കാണിച്ചിട്ടല്ല ബൈക്ക് നിർത്തിയതെന്നത് പോലീസിന്റെ സംശയം കൂട്ടുന്നു.അക്രമിയുടെതെന്ന് സംശയിക്കുന്ന ‍ബാഗും കണ്ടെത്തിയിട്ടുണ്ട്. ട്രാക്കിൽ നിന്നുമാണ് അക്രമിയുടെ ബാ​ഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ബാ​ഗിൽ നിന്നും അര കുപ്പിയോളം പെട്രോളിന് സമാനമായ വസ്തുവും, ഹിന്ദി ബുക്കുകളും, രണ്ട് ഫോണുകളും പോലീസ് കണ്ടെത്തി. സംഭവം ആസൂത്രിതമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്

കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സില്‍ വൻ തീപിടിത്തം; പാര്‍ക്കിംഗ് ഏരിയയിലെ കാറുകൾ കത്തിനശിച്ചു

കോഴിക്കോട്: കോഴിക്കോട് ആനി ഹാൾ റോഡിലുള്ള ജയലക്ഷ്മി സിൽക്സിന്‍റെ കെട്ടിടത്തില്‍ വൻ തീപിടിത്തം. തീപിടിത്തത്തില്‍ പാര്‍ക്കിംഗ് ഏരിയയിലെ കാറുകൾ കത്തിനശിച്ചു.രാവിലെ ആറു മണിയോടെയാണു തീപിടിത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.ആനിഹാള്‍ റോഡ് ഭാഗത്ത് രണ്ടാം നിലയിലാണ് തീ കണ്ടത്. ഇതേ സമയം തന്നെ താഴെ നിര്‍ത്തിയിട്ട രണ്ട് കാറുകളും കത്തുന്നനിലയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. തീവ്യാപിച്ചതോടെ ഫയര്‍ഫോഴ്സ് എത്തി. തീ അണക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും പടര്‍ന്നു. തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ നിന്നുള്‍പ്പെടെ ഇരുപതോളം ഫയര്‍ഫോഴ് യൂണിറ്റുകള്‍ എത്തി മൂന്ന് മണിക്കൂര്‍ ശ്രമിച്ചാണ് തീ നിയന്ത്രണത്തിലാക്കിയത്. തീപിടുത്ത കാരണം വ്യക്തമല്ലെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അഷറഫ് അലി പറഞ്ഞു.അതേസമയം, സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച മേയര്‍ ഡോക്ടര്‍ ബീന ഫിലിപ്പ് പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്‍റെ പരിശോധന കര്‍ശനമാക്കുമെന്നും മേയര്‍ അറിയിച്ചു. വിഷുവും ചെറിയ പെരുന്നാളും മുന്നില്‍ കണ്ട് വലിയതോതില്‍ സ്റ്റോക്ക് സ്ഥാപനത്തില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വലിയ നാശനഷ്ടം ഉണ്ടായതായാണ് പ്രഥമിക വിലയിരുത്തല്‍. തുണിത്തരങ്ങള്‍ക്ക് തീപിടിച്ചതും തീയണക്കാനുള്ള പ്രവര്‍ത്തികള്‍ ശ്രമകരമാക്കി.

കണ്ണൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു

കണ്ണൂർ:കേളകം ഇരട്ടത്തോട് ബാവലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. ഒറ്റപ്ലാവ് സ്വദേശി നെടുമറ്റത്തിൽ ലിജോ ജോസ് (34), ഇളയ മകൻ നെബിൻ ജോസ് (6) എന്നിവരാണ് മരിച്ചത്. ചുങ്കക്കുന്ന് ഇരട്ടത്തോട് കയത്തിൽ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം.ചുങ്കക്കുന്ന് പാലത്തിനടുത്ത് തടയണകെട്ടി വെള്ളം കെട്ടിനിർത്തിയിരുന്നു. ഇവിടെ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. മകനെ ചുമലിൽ ഇരുത്തി പുഴയിലിറങ്ങിയപ്പോൾ ലിജോ കാൽ തെറ്റി വീണു. ചെളിയിൽ പുതഞ്ഞ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ലിജോയും ചെളിയിൽ അകപ്പെടുകയായിരുന്നു.കൂടെയുണ്ടായിരുന്ന മറ്റു രണ്ടുകുട്ടികൾ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി നടത്തിയ തെരച്ചിലിൽ ഇരുവരെയും കണ്ടെത്തി കരക്കെടുത്തു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി..ഇരിട്ടി എ ജെ ഗോള്‍ഡ് ജീവനക്കാരനാണ് ലിജോ. തലക്കാണി സ്‌കൂള്‍ യുകെജി വിദ്യാർത്ഥിയാണ് നെവിന്‍. കുവൈറ്റില്‍ ജോലി ചെയ്യുന്ന സ്റ്റെഫീനയാണ് ലിജോ ജോസിന്റെ ഭാര്യ.

ഓസ്‌കറില്‍ മുത്തമിട്ട് ഇന്ത്യ; ആര്‍ആര്‍ആറിനും ദ എലഫന്റ് വിസ്പറേഴ്‌സിനും പുരസ്‌കാരം

ലോസ് ആഞ്ജലിസ്: 95-ാം ഓസ്‌കര്‍ പുരസ്‌കാരത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. ആര്‍ആര്‍ആറിനും ദ എലഫന്റ് വിസ്പറേഴ്‌സിനും പുരസ്‌കാരം.മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം ദ എലഫന്റ് വിസ്പറേഴ്സ് സ്വന്തമാക്കി.കാര്‍ത്തികി ഗോള്‍സാല്‍വേസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഗുനീത് മോംഗയാണ് നിര്‍മാണം. അനാഥനായ ഒരു ആനക്കുട്ടിയും അതിന്റെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് എലിഫന്റ് വിസ്പറേഴ്സിന്റെ പ്രമേയം.മികച്ച ഒറിജിനൽ സോംഗ് വിഭാഗത്തിൽ എസ് എസ് രാജമൗലിയുടെ ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്‌കർ പുരസ്‌കാരം നേടി.എം എം കീരവാണിയും ചന്ദ്രബോസും ചേർന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. പാട്ട് പാടിയാണ് എം എം കീരവാണി പുരസ്‌കാരം സ്വീകരിച്ചത്. ഹൃദയത്തിൽ തൊടുന്ന ഈണങ്ങളുമായി തെന്നിന്ത്യ കീഴടക്കിയ സംഗീതസംവിധായകനാണ് എം എം കീരവാണി.14 വർഷങ്ങൾക്ക് ശേഷമാണ് ഈ വിഭാഗത്തിൽ ഓസ്‌കർ ഇന്ത്യയിലേക്ക് എത്തുന്നത്. ചന്ദ്രബോസ് എഴുതി എംഎം കീരവാണി ഈണമിട്ട ഗാനമാണ് നാട്ടു നാട്ടു. പുരസ്‌കാരം രാജ്യത്തിന് സമർപ്പിക്കുന്നതായാണ് കീരവാണി പറഞ്ഞത്.ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരാണ് ഗാനരംഗത്തിൽ ചുവടുവച്ചത്.ഗോൾഡൻ ഗ്ലോബിലും മികച്ച ഒറിജനൽ സോങിനുള്ള പുരസ്‌കാരം കീരവാണി ഈണം നൽകിയ നാട്ടു നാട്ടുവിനെ തേടിയെത്തിയിരുന്നു.എ.ആര്‍ റഹ്മാന്‍-ഗുല്‍സാര്‍ ( 2008, സ്ലം ഡോഗ് മില്ല്യണയര്‍) ജോഡിയുടെ നേട്ടത്തിന് ശേഷം ഇതാദ്യമായാണ് മികച്ച ഒറിജിനല്‍ സോങ്ങിനുള്ള പുരസ്‌കാരം ഇന്ത്യയിലേക്കെത്തുന്നത്.

കണ്ണൂർ നഗരത്തിൽ വ്യാഴാഴ്ച വ്യാപാരി ഹർത്താൽ

കണ്ണൂർ: കണ്ണൂർ നഗരത്തിൽ വ്യാഴാഴ്ച വ്യാപാരി ഹർത്താൽ.മലിനജല പ്ലാന്റിന്റെ പേരിൽ റോഡുകൾ വെട്ടിപ്പൊളിച്ച് ഗതാഗതയോഗ്യമല്ലാതാക്കിയതിനെതിരെയാണ് ഹർത്താൽ.കോർപറേഷൻ ഓഫീസിൽ ഉപരോധിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രെട്ടറി പുനത്തിൽ ബാഷിത് അറിയിച്ചു.അതേസമയം ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കും.മലിനജല ശുദ്ധീകരണ പ്ലാന്റിനായി കണ്ണൂർ കോർപറേഷനിലെ താളിക്കാവ്, കാനത്തൂർ ഡിവിഷനുകളിൽ പെട്ട വിവിധ റോഡുകൾ വെട്ടിപ്പൊളിച്ചിരുന്നു.പൈപ്പിടൽ പ്രവർത്തിക്കായാണ് റോഡ് കുഴിച്ചത്. എന്നാൽ ഇത് പഴയപടി ആക്കാൻ വൈകുന്നത് വലിയ ദുരിതമാണ് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും വീടുകളിലെ താമസക്കാർക്കും ഉണ്ടാക്കുന്നത്.ഇതിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് വ്യാഴാഴ്ച രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെ കടകൾ അടച്ചിടാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചത്.പൊടിശല്യം കാരണം വ്യാപാരം നടക്കുന്നില്ല. വ്യാപാരികൾക്കും ജീവനക്കാർക്കും വിവിധ രോഗങ്ങൾ പിടിപെടുന്നു.കോർപറേഷന്റെ കെടുകാര്യസ്ഥതക്കെതിരെ കോർപറേഷൻ ഓഫീസിൽ ഉപരോധിക്കുമെന്നും വ്യാപാരികൾ അറിയിച്ചു.വ്യാപാരി ഹർത്താൽ വാഹന ഗതാഗതത്തിനു തടസ്സമാകില്ല.സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കുമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കണ്ണൂർ യൂണിറ്റ് പ്രസിഡന്റ് സി കെ ജയപ്രകാശ് അറിയിച്ചു.

പുനലൂർ കല്ലടയാറ്റിൽ ഷാൾ ഉപയോഗിച്ച് ബന്ധിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു;മരിച്ചത് അമ്മയും രണ്ട് മക്കളും

കൊല്ലം: പുനലൂർ കല്ലടയാറ്റിൽ ഷാൾ ഉപയോഗിച്ച് ബന്ധിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.പിറവന്തൂർ സ്വദേശിനി രമ്യ രാജ്, മകൾ അഞ്ച് വയസുകാരി ശരണ്യ, മൂന്നു വയസുകാരനായ മകൻ സൗരഭ് എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു സംഭവം നടന്നത്. മുക്കടവ് റബർ പാർക്കിന് സമീപം മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. റോഡിലൂടെ സത്രീയും രണ്ട് കുട്ടികളും നടന്നുപോകുന്നത് നാട്ടുകാരുടെ ശ്ര​ദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ഇവരെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു.നാട്ടുകർ അറിയിച്ചതോടെ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി നടത്തിയ തിരച്ചിലാണ് കല്ലടയാറ്റിൽ മൂവരേയും മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് മൃതദേഹം കരയ്‌ക്കെത്തിച്ചു.മൂവരുടേയും ശരീരം ഷാൾ ഉപയോഗിച്ച് ബന്ധിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പുനലൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം; 5-ാം ദിനവും തീ അണയ്‌ക്കാനാകാതെ ഫയർ ഫോഴ്സ്;പുക കൂടുതൽ ഭാഗത്തേക്ക് പടരുന്നു

കൊച്ചി: തീപിടുത്തം ഉണ്ടായി അഞ്ചു ദിവസമായിട്ടും ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്‌ക്കാനാകാതെ ഫയർ ഫോഴ്സ്.തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ഇപ്പോഴും പ്ലാസ്റ്റിക് മാലിന്യം പുകഞ്ഞ് കത്തുന്നതാണ് പ്രതിസന്ധിയ്‌ക്ക് കാരണമെന്നാണ് അഗ്നിരക്ഷാ സേന പറയുന്നത്.അഞ്ച് ദിവസമായി 27-ൽ അധികം ഫയർ യൂണിറ്റുകൾ ദൗത്യം തുടരുന്നുണ്ടെങ്കിലും 80 ശതമാനം തീയാണ് അണക്കാനായത്. മാലിന്യം പുകഞ്ഞ് കത്തുന്നതിനാൽ കൂടുതൽ ഹിറ്റാച്ചികളെത്തിച്ച് അടി ഭാഗത്ത് ഉള്ള പ്ലാസ്റ്റിക് മാലിന്യം ഇളക്കിമറിച്ച് വെള്ളം തളിക്കാനാണ് ലക്ഷ്യം.‌ ഇത്‍ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് കണക്ക് കൂട്ടൽ.അതേസമയം പ്ലാന്റിൽ നിന്നുള്ള പുക കൊച്ചി നഗരത്തിന്‍റെ പല ഭാഗങ്ങളിലുമെത്തി. പാലാരിവട്ടം, കലൂർ, വൈറ്റില എന്നിവിടങ്ങളും പിന്നിട്ട് ബ്രഹ്മപുരത്ത് നിന്ന് 20 കിലോ മീറ്റർ ദൂരെയുള്ള അരൂർ ഭാഗത്തേക്കും പുക എത്തി. കഴിഞ്ഞ രാത്രി കാക്കനാട്, മരട് പ്രദേശങ്ങളിലേക്ക് പുക ഉയർന്നിരുന്നു. ഇതിനിടയിൽ ജില്ലയിലെ ഏഴാം ക്ലാസ്സുവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്‌ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കു അവധിയായിരിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്നു;രണ്ടു ജില്ലകളിൽ ജാഗ്രതാ നിർദേശം;ജലക്ഷാമം രൂക്ഷമായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്നു.സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. രണ്ടു ജില്ലകളിൽ ഇന്നും നാളെയും മൂന്നു മുതൽ അഞ്ചു ഡിഗ്രിവരെ ചൂടു കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ഉയർന്ന താപനില 36°c മുതൽ 39°c വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതേസമയം താപനില ക്രമാതീതമായി വർദ്ധിച്ചതോടെ ജലക്ഷാമം രൂക്ഷമായേക്കാമെന്ന് ജലവിഭവ വികസന വിനിയോഗ കേന്ദ്രം മുന്നറിയിപ്പ് നൽകി.വരും ദിവസങ്ങളിൽ മഴ ലഭിച്ചില്ലിങ്കിൽ സ്ഥിതി രൂക്ഷമാകുമെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന സൂചന. ഇതേ രീതിയിൽ അന്തരീക്ഷ താപനില വർദ്ധിക്കുകയാണൈങ്കിൽ ജല ഉപഭോഗത്തിൽ നിയന്ത്രണം ഉൾപ്പടെയുള്ള കാര്യങ്ങൾ ആവശ്യമായി വന്നേക്കാം. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഭൂഗർഭ ജലത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്.കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ചില സ്ഥലങ്ങളെ ഭൂഗർഭ ജലത്തിന്റെ തോത് ക്രിട്ടികൽ നിലയിലാണ്.മഴയിലുണ്ടായ കുറവ് ജല സ്രോതസുകളെ കാര്യമായി ബാധിക്കുമെന്നും ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.

കണ്ണൂരിൽ തെരുവ് നായ ആക്രമണം, വിദ്യാർത്ഥികടക്കം 20 പേർക്ക് കടിയേറ്റു

കണ്ണൂർ:കണ്ണൂർ അത്താഴക്കുന്ന്, സാദിരി പള്ളി, കൊറ്റാളി പ്രദേശങ്ങളിൽ തെരുവ് നായയുടെ പരാക്രമം. വിദ്യാർത്ഥികടക്കം 20 പേർക്ക് നായയുടെ കടിയേറ്റു.കാലത്ത് 9.15 ന് സ്കൂളിൽ പോകാൻ തയാറെടുക്കുകയായിരുന്ന മൂന്ന് വിദ്യാർഥികൾക്കും, വീട്ടമ്മമാർ ഉൾപ്പെടെ നിരവധിപേർക്കുമാണ് കടിയേറ്റത്. പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിൽ കയറിയാണ് നായകടിച്ചത്. പരിക്കേറ്റവർക്ക് കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും കുത്തിവെപ്പ് നൽകുകയും മൂന്നു പേരെ പരിയാരത്തേക്ക് മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തു. പ്രദേശത്തുകാർ ഭീതിയിലായിരിക്കെ, എല്ലാവരെയും കടിച്ചത് ഒരൊറ്റ നായയാണെന്നും ആ നായയെ പിടികൂടുന്നതിനുള്ള നടപടികൾ ഞങ്ങൾ ആരംഭിച്ചതായും കോർപ്പറേഷൻ അധികൃതർ വെളിപ്പെടുത്തി.

കാസര്‍കോട് ഗവ. കോളേജിൽ വിദ്യാർഥികളെ പൂട്ടിയിട്ടെന്ന പരാതി;പ്രിന്‍സിപ്പാളിനെതിരെ പ്രതിഷേധം ശക്തം;ശനിയാഴ്ച സർവ്വകക്ഷി യോഗം

കാസര്‍കോട്:കുടിവെള്ള പ്രശ്നത്തിൽ പരാതിയുമായെത്തിയ വിദ്യാർഥികളെ ചേംബറിൽ പൂട്ടിയിട്ട സംഭവത്തില്‍ കാസർഗോഡ് ഗവ. കോളേജ് പ്രിൻസിപ്പാലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്ഥലത്ത് സംഘര്‍ഷ സാധ്യത നില നില്‍ക്കുന്ന സാഹചര്യത്തില്‍ കോളേജിന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കൂടാതെ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി ശനിയാഴ്ച സർവ്വകക്ഷി യോഗം ചേരാന്‍ സ്റ്റാഫ് കൗൺസിൽ യോഗം തീരുമാനിച്ചു.കാസർഗോഡ് ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ എം രമയ്ക്കെതിരെയാണ് വിദ്യാർത്ഥികൾ രംഗത്തെത്തിയത്. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു. വിദ്യാർത്ഥികളെ പൂട്ടിയിടുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പ്രിൻസിപ്പൽ രമ രാജിവെക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു.ക്യാമ്പസിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാലിന്യങ്ങളുണ്ടെന്ന പരാതി നൽകാനെത്തിയ വിദ്യാർത്ഥികളെയാണ് പ്രിൻസിപ്പൽ ചേംബറിൽ പൂട്ടിയിട്ടത്. പ്രിൻസിപ്പൽ അപമര്യാദയായി പെരുമാറിയതായും ഇരുന്ന് സംസാരിക്കാൻ അവകാശമില്ലെന്ന നിലപാട് എടുക്കുകയും ചെയ്തതായി വിദ്യാർത്ഥികൾ പറയുന്നു.വാട്ടർ പ്യൂരിഫയറിളെ വെള്ളത്തിൽ അഴുക്കു കണ്ടതുകൊണ്ട് പരാതിപ്പെടാനാണ് എസ്എഫ്ഐ പ്രിൻസിപ്പലിനെ കണ്ടത്. എന്നാൽ ഈ വെള്ളം കുടിച്ചാൽ മതി തനിക്കു സമയമില്ലെന്നാണ് പ്രിൻസിപ്പൽ മറുപടി നൽകിയത്. ഇതിനു പരിഹാരം കാണാതെ മടങ്ങില്ലെന്ന് നിലപാടെടുത്ത് വിദ്യാർഥികൾ കുത്തിയിരുന്നതോടെ പ്രിൻസിപ്പൽ ചേംബർ പൂട്ടി പുറത്തിറങ്ങുകയായിരുന്നുവെന്നാണ് പരാതി. 15ൽ പരം വിദ്യാർഥികളെയാണ് പൂട്ടിയിട്ടത്.കോളേജില്‍ വിതരണം ചെയ്യുന്ന വെള്ളത്തില്‍ ചെളി കലര്‍ന്നിട്ടുണ്ടെന്നും അത് കുടിക്കാന്‍ യോഗ്യമല്ലെന്നുമാണ് വിദ്യാര്‍ഥികളുടെ ആരോപണം. ഇത് പരിശോധിച്ച് പരിഹാരം കാണണമെന്നാണ് ആവശ്യം. എന്നാല്‍, പരിശോധന നടത്തിയപ്പോള്‍ മാലിന്യം കലര്‍ന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഉപയോഗശൂന്യമല്ലെന്നുമാണ് പ്രിൻസിപ്പാള്‍ പറയുന്നത്.