കണ്ണൂർ : കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ കോവിഡ് 19 പോസിറ്റീവായ കണ്ണൂർ സ്വദേശിനിയായ 32 കാരി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന സിസേറിയനിലൂടെ ഉച്ചയ്ക്ക് 12.29, 12.30 മണിയോടെയാണ് 2 ആൺകുട്ടികൾക്ക് ജന്മം നൽകിയത്. ഇതാദ്യമായാണ് കോവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ഐ.വി.എഫ് ചികിത്സ വഴി ഗർഭം ധരിച്ച കോവിഡ് പോസിറ്റീവായ ഒരു യുവതി രണ്ട് കുട്ടികൾക്ക് ജന്മം നൽകിയതും ഇന്ത്യയിൽ ഇതാദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുന്ന അൻപതാമത്തെ കോവിഡ് പോസിറ്റീവ് ഗർഭിണിയാണ് ഇന്ന് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ഒൻപതാമത്തെ സിസേറിയൻ വഴിയുള്ള പ്രസവമാണിത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ എസ് അജിത്ത്, അസോസിയേറ്റ് പ്രൊഫസർ ഡോ. മാലിനി എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണ് പൂർണ്ണ കോവിഡ് സുരക്ഷാ സംവിധാനങ്ങളോടെ സർജ്ജറി നടത്തിയത്. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും കോവിഡ് രോഗത്തെ തുടർന്നുള്ള പ്രതിസന്ധികളും ഇരട്ടക്കുട്ടികളാണെന്നതും സർജ്ജറി സങ്കീർണ്ണമാക്കിയിരുന്നെന്ന് ഡോക്ടർമ്മാർ അറിയിച്ചു. അമ്മയുടേയും 2 കുട്ടികളുടേയും ആരോഗ്യനില നിലവിൽ ആശങ്കാജനകമല്ല.
സംസ്ഥാനത്താദ്യമായി ഒരു കോവിഡ് പോസിറ്റീവ് രോഗി പ്രസവിച്ചതും കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു.ഇക്കാര്യം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ മുമ്പ് പ്രഖ്യാപിക്കപ്പെട്ടതാണ്. ഇത്, കോവിഡ് പോസിറ്റീവായ രോഗികളിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ഒമ്പതാമത്തെ സിസേറിയൻ ശസ്ത്രക്രിയയാണ്.
സംസ്ഥാനത്ത് കോവിഡ് പോസിറ്റീവായ കൂടുതൽ ഗർഭിണികൾ ചികിത്സ തേടിയതും പരിയാരത്താണ്. മാത്രമല്ല, കോവിഡ് പോസിറ്റീവായ ഗർഭിണിയായ യുവതി ഉൾപ്പടെ കുടുംബാംഗങ്ങളാകെ ചികിത്സ തേടി, പ്രസവിച്ച യുവതിയും കുഞ്ഞും ഉൾപ്പടെ കുടുംബാംഗങ്ങളാകെ കോവിഡ് രോഗമുക്തി നേടിയതും, ഇത്തരത്തിൽ രോഗമുക്തി നേടി നാല് കുടുംബങ്ങൾ ആശുപത്രി വിട്ടതും പരിയാരത്ത് നിന്നുള്ള മുൻകാഴ്ചകളായിരുന്നു. നിലവിൽ സർജ്ജറി കഴിഞ്ഞ കണ്ണൂർ സ്വദേശിനി ഉൾപ്പടെ 8 പേർ ചികിത്സയിലുണ്ടെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ കെ സുദീപും പ്രിൻസിപ്പാൾ ഡോ കെ എം കുര്യാക്കോസും അറിയിച്ചു. കോവിഡ് അതിവ്യാപനത്തിന്റെ പ്രതിസന്ധി ഘട്ടത്തിലും വിജയകരമായി ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ, നേഴ്സുമാർ ഉൾപ്പടെയുള്ള സംഘത്തെ മെഡിക്കൽ സൂപ്രണ്ടും പ്രിൻസിപ്പാളും അഭിനന്ദിച്ചു. 24 ന് നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റിൽ പോസിറ്റീവായതിനെത്തുടർന്ന് പ്രത്യേക കോവിഡ് ഐസൊലേഷൻ വാർഡിൽ ചികിത്സ തുടരുന്ന യുവതിയുടെ ഒടുവിൽ നടത്തിയ ആന്റിജെൻ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ ഫലം നെഗറ്റീവായിട്ടുണ്ട്.