ബെംഗളൂരു:ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് വന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് തട്ടിയെടുക്കാൻ ശ്രമം.ഇന്നലെ രാത്രി മൈസൂരു-ബെംഗളൂരു റോഡിൽ ആർ വി കോളേജിന് സമീപത്തു വെച്ചാണ് സംഭവം.വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട ലാമ ബസ്സാണ് ബൈക്കിലെത്തിയ നാലംഗ സംഘം തട്ടിയെടുക്കാൻ ശ്രമിച്ചത്.ബസ്സിൽ 42 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബെംഗളൂരുവിലെ കലാസിപാളയത്ത് നിന്നും ബസ് പുറപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് സിനിമയെ വെല്ലുന്ന രീതിയിൽ ബസ് തട്ടിയെടുക്കാൻ ശ്രമിച്ചത്. രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗ സംഘം ആദ്യം ബസ് തടഞ്ഞു നിർത്തുകയായിരുന്നു. പോലീസുകാരാണെന്ന് പറഞ്ഞായിരുന്നു ഇവർ ബസ് തടഞ്ഞത്.തുടർന്ന് ഡ്രൈവറോട് ഡ്രൈവിംഗ് സീറ്റിൽ നിന്നും മാറാൻ ആവശ്യപ്പെട്ടു.ഡ്രൈവർ ഇറങ്ങിയതിനു പിന്നാലെ സംഘത്തിലൊരാൾ ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.ഇതോടെയാണ് സംഭവത്തിൽ പന്തികേടുണ്ടെന്ന് യാത്രക്കാർക്കും ബസ് ജീവനക്കാർക്കും മനസ്സിലായത്.പിന്നീട് ബസ്സിനെ ഇവർ ഒരു ഗോഡൗണിലേക്കാണ് കൊണ്ടുപോയത്.ഈ സമയത്തെല്ലാം യാത്രക്കാർ ബഹളം വെയ്ക്കുകയും തങ്ങളെ വിട്ടയക്കണമെന്ന് ഇവരോട് ആവശ്യപ്പെട്ടുകയും ചെയ്യുന്നുണ്ടായിരുന്നു.എന്നാൽ ആരെയും വിടില്ലെന്നായിരുന്നു ഇവരുടെ മറുപടി.ഇതിനിടെ ബസ് ഒരു ഗോഡൗണിൽ എത്തിയിരുന്നു.ഗോഡൗണിൽ ഇവരുടെ സംഘത്തിൽപ്പെട്ട ആറുപേർ കൂടി ഉണ്ടായിരുന്നു. എന്നാൽ ബസ് തട്ടിയെടുത്ത സമയത്തു തന്നെ യാത്രക്കാരിലൊരാൾ രാജേശ്വരി നഗർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചിരുന്നു.തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇവരിൽ നിന്നും ബസ്സും യാത്രക്കാരെയും മോചിപ്പിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.അതേസമയം സംഭവത്തിൽ ദുരൂഹതയിലെന്നും വായ്‌പ്പാ തിരിച്ചടവ് മുടങ്ങിയതുമായി ബസ് പിടിച്ചെടുക്കാൻ വന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു.പോലീസ് അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.