International, News

സൂയസ് കനാലില്‍ കുടുങ്ങിയ എവര്‍ ഗിവണ്‍ കപ്പൽ നീക്കാനുള്ള ശ്രമം വിജയിച്ചു;ഗതാഗതം പുനഃസ്ഥാപിക്കുന്നതിൽ ആശങ്ക

keralanews attempt to evacuate evergiven ship stuck in suez canal succeeds

കെയ്റോ: രാജ്യാന്തര കപ്പല്‍പ്പാതയായ ഈജിപ്തിലെ സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ ചരക്കുകപ്പല്‍ ‘എവര്‍ ഗിവണ്‍’ നീക്കാനുള്ള ശ്രമം വിജയത്തിലേക്ക്. വലിയ ടഗ് ബോട്ടുകള്‍ ഉപയോഗിച്ച്‌ മണ്ണിലമര്‍ന്നുപോയ കപ്പല്‍ വലിച്ചുമാറ്റുകയായിരുന്നു. കപ്പല്‍ ചലിച്ചുതുടങ്ങിയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കപ്പലിന്റെ മുന്‍വശം ഇന്നലെ അല്പം ഉയർത്തിയിരുന്നു. ഇതോടെ പ്രൊപ്പല്ലുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു. 14 ടഗ് ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിനു ഉണ്ടായിരുന്നത്. കപ്പല്‍ മാറ്റാന്‍ കഴിഞ്ഞെങ്കിലും കനാലിലൂടെയുള്ള ഗതാഗതം എപ്പോള്‍ പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് വ്യക്തമല്ല. പല രാജ്യങ്ങളില്‍ നിന്നുള്ള 450ലധികം കപ്പലുകളാണ് ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത്.ലോകത്തെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്‌നര്‍ കപ്പലുകളിലൊന്നായ എവര്‍ഗ്രീന്‍ മറീന്‍ കമ്പനിയുടെ 400 മീറ്റര്‍ നീളവും 59 മീറ്റര്‍ വീതിയുമുള്ള എവര്‍ ഗിവണ്‍ എന്ന കപ്പല്‍ ചൊവ്വാഴ്ച രാവിലെയാണ് കനാലില്‍ കുടുങ്ങിയത്. പ്രതികൂല കാലാവസ്ഥയായിരുന്നു കാരണം. ഇതോടെ കനാല്‍ വഴിയുള്ള ഗതാഗതം പൂര്‍ണമായും മുടങ്ങുകയായിരുന്നു. ചൈനയില്‍ നിന്ന് നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാമിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍.ഡച്ച്‌ കമ്ബനിയായ റോയല്‍ ബോസ്കാലിസാണു കപ്പല്‍ നീക്കുന്ന ദൗത്യമേറ്റെടുത്തിരിക്കുന്നത്. ‌മുന്‍ഭാഗത്തെ നൂറുകണക്കിനു കണ്ടെയ്നറുകള്‍ ക്രെയിന്‍ ഉപയോഗിച്ച്‌ മാറ്റുകയും ബോട്ടുകള്‍ ഉപയോഗിച്ച്‌ കപ്പല്‍ വശത്തേക്ക് വലിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ആദ്യമൊന്നും വിജയിച്ചിരുന്നില്ല. പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. കഴിഞ്ഞ ദിവസങ്ങളില്‍ കപ്പലിനടിയിലെ മണല്‍ നീക്കം ചെയ്യാന്‍ ഡ്രജിങ് നടത്തിയിരുന്നു. ഇതോടെയാണ് രക്ഷാപ്രവര്‍ത്തനം വിജയത്തിലേക്ക് എത്തിയത്.

Previous ArticleNext Article