Kerala, News

കേസന്വേഷണത്തിനായി സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിയ പോലീസ് സംഘത്തിന് നേരെ അക്രമം

keralanews attack against the police team reached in the private money lending institution for case enquiry

കൂത്തുപറമ്പ്: കേസന്വേഷണത്തിനായി കൂത്തുപറമ്പിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തിയ പോലീസ് സംഘത്തിനു നേരേ അക്രമം. കതിരൂർ സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ കൂത്തുപറമ്പ് ഗോകുലത്തെരുവിലെ ജാനകി ഫൈനാൻസിലാണ് സംഭവം. കതിരൂർ എസ്ഐ സി.ഷാജു (40) ജൂണിയർ എസ്ഐ പി.എം.സുനിൽകുമാർ (35), സീനിയർ സിവിൽ പോലീസ് ഓഫീസർ വി.സുനിൽ (34), സിവിൽ പോലീസ് ഓഫീസർ കെ.പി.സന്തോഷ് (33)എന്നിവർക്കാണ് പരിക്കേറ്റത്.അതെ സമയം സ്ഥാപനത്തിലെത്തിയ പോലീസ് സംഘം അതിക്രമം നടത്തിയെന്ന് സ്ഥാപനമുടമ ആരോപിച്ചു.സ്ഥാപനമുടമയുടെ രണ്ടു സഹോദരങ്ങളെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരാഴ്ച മുമ്പ് കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ നായനാർ റോഡിൽ വച്ചു പോലീസ് പരിശോധനയ്ക്കിടെ ഒരു ബൈക്ക് പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയിരുന്നു. തുടർന്ന് ബൈക്കിന്‍റെ നമ്പർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയും ഉടമസ്ഥനെ കണ്ടെത്തുകയും ചെയ്യുകയും ഉടമയോട് സ്റ്റേഷനിൽ വരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഒരാഴ്ചയായിട്ടും ഇയാൾ സ്റ്റേഷനിലെത്താത്തതിനാൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഇയാളെ കുറിച്ച് അന്വേഷിക്കാൻ കൂത്തുപറമ്പിലെ ജാനകി ഫൈനാൻസിൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്ഥാപനത്തിലെ ജീവനക്കാരനായ ബിനോയ് പോലീസിനെ അസഭ്യം പറയുകയായിരുന്നുവെന്നുമാണ് പോലീസ് നല്കുന്ന വിവരം .ബിനോയിയെ അന്വേഷിച്ചാണ് കതിരൂർ എസ്ഐ.യുടെ നേതൃത്വത്തിൽ പോലീസ് സംഘം ഇന്നലെ ഉച്ചയോടെ ജാനകി ഫൈനാൻസിൽ എത്തിയത്. എന്നാൽ ഫൈനാൻസ് ജീവനക്കാർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അതേ സമയം, ബിനോയിയെ അന്വേഷിച്ച് സ്ഥാപനത്തിൽ അതിക്രമിച്ചു കയറിയ പോലീസ് സംഘം തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്നും ഓഫീസ് അടിച്ചു തകർക്കുകയാണുണ്ടായതെന്നും സ്ഥാപന അധികൃതർ പറയുന്നു.സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ജീവനക്കാരായ രണ്ടു പേരെ കൂത്തുപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ അകാരണമായി കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ചും ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും ബിജെപി പ്രവർത്തകർ കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. പോലീസ് സ്റ്റേഷൻ ഉപരോധിച്ചതിൽ കണ്ടാലറിയുന്ന അൻപതോളം പേർക്കെതിരെ പോലീസ് കേസെടുത്തു.പോലീസിനെ മർദിച്ചതിലും കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിലും ജാനകി ഫിനാന്സിയേഴ്സ് ഉടമ ടി.ബൈജു,പി.വിപിൻ എന്നിവരെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.

Previous ArticleNext Article