ഇടുക്കി:ജില്ലയിലെ ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസിന് നേരെ ആക്രമണം. അക്രമികള്‍ പഞ്ചായത്ത് ഓഫീസ് അടിച്ചു തകര്‍ത്തു.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ട് ജീവനക്കാരുടെ കയ്യൊടിഞ്ഞു. ഭിന്നശേഷിക്കാരനായ സെക്രട്ടറിക്കും പരിക്കേറ്റു.കരാറുകാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിൽ.രണ്ടാഴ്ച മുന്‍പ് ഇയാള്‍ നിര്‍മിച്ച കെട്ടിടത്തിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇത് പൊളിക്കാന്‍ ഇന്ന് സബ് കളക്ടര്‍ ഉത്തരവിടുകയും ചെയ്തു. ഇതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ കരാറുകാരനായ ഗോപി എന്നറിപ്പെടുന്ന രാജന്‍,ആന്റണി മുത്തുകുമാര്‍, വിജയ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമിസംഘത്തിലെ കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.തിങ്കളാഴ്ച ചിന്നക്കനാലില്‍ പവര്‍ഹൗസിന് സമീപവും വില്ലേജോഫീസിനു സമീപവും നിര്‍മിച്ച അനധികൃത കെട്ടിടങ്ങളാണ് റവന്യൂ സംഘം പൊളിച്ചത്. തുടര്‍ന്ന് രാത്രി എട്ടുമണിക്ക് ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസില്‍ വടിവാളും മരക്കമ്പുകളുമായെത്തിയ ഏഴംഗ സംഘം ആക്രമണം നടത്തുകയായിരുന്നു.
പഞ്ചായത്ത് ഓഫീസിനോടു ചേര്‍ന്നുള്ള മുറിയിലാണ് ജീവനക്കാര്‍ താമസിക്കുന്നത്.രാത്രിയില്‍ ഓഫീസ് തല്ലിത്തകര്‍ക്കുന്ന ബഹളം കേട്ടെത്തിയ ജീവനക്കാരെയും സംഘം ആക്രമിക്കുകയായിരുന്നു. വടിവാളും മരക്കമ്പുകളും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് സെക്രട്ടറി രഞ്ജന്‍ പറഞ്ഞു.ചിന്നക്കനാല്‍ വില്ലേജ് ഓഫീസിന് സമീപം ജോയി ജോര്‍ജ് നടത്തിവന്ന അനധികൃത കെട്ടിട നിര്‍മാണത്തിന് കഴിഞ്ഞദിവസം പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഞായറാഴ്ച സ്ഥലത്തെത്തിയ കളക്ടര്‍ നിര്‍മാണം കാണുകയും പൊളിക്കാന്‍ ഉത്തരവിടുകയും ചെയ്തു.തിങ്കളാഴ്ച രാവിലെ റവന്യൂ സംഘം കെട്ടിടം പൊളിച്ചുമാറ്റി. ഇതിന്റെ വൈരമാകാം ആക്രമണത്തിന് കാരണമെന്നും കെട്ടിടത്തിന്റെ കരാറുകാരനായ ഗോപി (ശ്രീകുമാരന്‍) യുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നും പരിക്കേറ്റ ജീവനക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.