കണ്ണൂർ:എ ടി എം കാർഡ് നമ്പർ ചോർത്തി കണ്ണൂർ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും 45000 രൂപ കവർന്നു.കണ്ണൂർ കുറുവ സ്വദേശിയും കോൺട്രാക്റ്ററുമായ കണ്ടിയിൽ ഹൗസിൽ അശോകന്റെ പണമാണ് കവർന്നത്.മൂന്നു തവണയായാണ് പണം കവർന്നത്.ബാങ്കിൽ നിന്നും നൽകിയ വിവരമനുസരിച്ച് രണ്ടു തവണ മുംബൈയിൽ നിന്നും ഒരുതവണ തൃശ്ശൂരിൽ നിന്നുമാണ് പണം പിൻവലിച്ചിരിക്കുന്നത്.ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടുകൂടി അശോകന്റെ ഫോണിൽ ഒരു കാൾ വരികയും താങ്കളുടെ എ ടി എം ബ്ലോക്ക് ചെയ്യുകയാണെന്ന് അറിയിക്കുകയൂം ചെയ്തു.ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാത്തതിനാലാണ് ഇതെന്നായിരുന്നു വിശദീകരണം.എന്നാൽ താൻ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അശോകൻ പറഞ്ഞെങ്കിലും വിളിച്ചയാൾ സമ്മതിച്ചില്ല.എ ടി എം ബ്ലോക്കാവാതിരിക്കാൻ എ ടി എം കാർഡിന് മുകളിലുള്ള നമ്പർ വെളിപ്പെടുത്തണമെന്നായിരുന്നു ആവശ്യം.അശോകൻ ഈ നമ്പർ വെളിപ്പെടുത്തിയ ഉടൻ ഫോൺ കട്ടാകുകയും ചെയ്തു.വിജയ ബാങ്കിലാണ് അശോകന്റെ അക്കൗണ്ട്.തുടർന്ന് മൂന്നു തവണയായി അശോകന്റെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കപ്പെട്ടു.അവസാനം തുക പിൻവലിച്ചതിന്റെ മെസ്സേജ് മാത്രമാണ് അശോകന് കിട്ടിയത്.തുടർന്ന് ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് നേരത്തെ രണ്ടു തവണ പണം പിൻവലിക്കപ്പെട്ടതായി വിവരം ലഭിച്ചത്.സംഭവത്തിൽ സൈബർ സെല്ലിലും കണ്ണൂർ ടൌൺ പോലീസിലും അശോകൻ പരാതി നൽകി.അശോകന് കാൾ വന്ന ഫോൺ നമ്പറിലേക്ക് ആദ്യം വിളിച്ചു നോക്കിയപ്പോൾ ഫോൺ റിങ് ചെയ്തുവെങ്കിലും പിന്നീട് പ്രവർത്തനരഹിതമായി. .