ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാൻ രാജ്യം ശ്രമങ്ങള്‍ നടത്തുന്നതിനിടെ ആത്മനിര്‍ഭര്‍ ഭാരത് 3.0ന്റെ ഭാഗമായി ആത്മനിഭര്‍ ഭാരത് റോസ്ഗാര്‍ യോജന എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്. നിലവിലെ സാഹചര്യത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായാണ് ആത്മനിഭര്‍ ഭാരത് റോസ്ഗാര്‍ യോജന ആരംഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും 28 സംസ്ഥാനങ്ങളിലായി 68.8 കോടി ജനങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
രാജ്യത്തെ 39.7 ലക്ഷം നികുതിദായകര്‍ക്കായി ആദായ നികുതി വകുപ്പ് 1,32,800 കോടി രൂപ റീഫണ്ട് നല്കി. ഉത്സവ അഡ്വാന്‍സ് നല്‍കുന്നതിന്റെ ഭാഗമായി എസ്ബിഐ ഉത്സവ് കാര്‍ഡ് വിതരണം ചെയ്തുവെന്നും മൂലധന ചെലവുകള്‍ക്കായി 3,621 കോടി രൂപ പലിശ രഹിതവായ്പയും അനുവദിച്ചതായും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.ഉത്പന്ന നിര്‍മാണ ആനുകൂല്യ പദ്ധതി(പിഎല്‍ഐ)യുടെ ഭാഗമായി രണ്ടു ലക്ഷം കോടി രൂപയുടെ ഇന്‍സെന്റീവാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നും. പത്തുമേഖലകളെക്കൂടി പദ്ധതിക്കുകീഴില്‍ കൊണ്ടുവരികയും അധികതുക അനുവദിക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കരാറുകാര്‍ കെട്ടിവയ്ക്കേണ്ട തുക മൂന്ന് ശതമാനമായി കുറച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 ശതമാനം ആയിരുന്നു. വീടുകള്‍ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ആദായനികുതി ഇളവും പ്രഖ്യാപിച്ചു.
15,000 രൂപയില്‍ താഴെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ പിഎഫ് വിഹിതം സര്‍ക്കാര്‍ നല്‍കും. 1,000ത്തില്‍ അധികം പേരുള്ള കമ്പനികളിൽ ജീവനക്കാരുടെ വിഹിതം മാത്രം നല്‍കും. നഷ്ടത്തിലായ സംരഭങ്ങള്‍ക്ക് അധിക വായ്പ ഗ്യാരണ്ടി പദ്ധതി പ്രഖ്യാപിച്ചു. ഒരുവര്‍ഷം മൊറട്ടോറിയവും നാലുവര്‍ഷത്തെ തിരിച്ചടവ് കാലാവധിയും നല്‍കും. സര്‍ക്കിള്‍ റേറ്റിനും യഥാര്‍ത്ഥ വിലയ്ക്കും ഇടയില്‍ അവകാശപ്പെടാവുന്ന വ്യത്യാസം 10 നിന്ന് 20 ശതമാനമാക്കി. രാസവള സബ്സിഡിക്കായി 65,000 കോടിയും തൊഴിലുറപ്പ് പദ്ധതിക്ക് 10,000 കോടി രൂപയും അനുവദിച്ചു