Kerala, News

നിയമസഭാ കയ്യാങ്കളി കേസ്;കുറ്റപത്രം വായിച്ചുകേൾപ്പിച്ചു;കോടതിയില്‍ കുറ്റം നിഷേധിച്ച് പ്രതികൾ; കേസ് 26 ന് പരിഗണിക്കും

keralanews assembly ruckus case charge sheet read out accused denied crime in court case heard on 26

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവർ ഇന്ന് കോടതിയിൽ ഹാജരായി. വി.ശിവന്‍കുട്ടി, കെ.ടി.ജലീല്‍, കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവന്‍ എന്നീ അഞ്ചു പ്രതികളാണ് ഇന്ന്  കോടതിയില്‍ ഹാജരായത്. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചെങ്കിലും മന്ത്രിയുള്‍പ്പെടെയുള്ള അഞ്ചുപേരും കുറ്റം നിഷേധിച്ചു.അന്വേഷണസംഘം ഹാാജരാക്കിയ ദൃശ്യങ്ങളടങ്ങിയ തെളിവുകള്‍ വേണമെന്നാണ് പ്രതിഭാഗം കോടതിയില്‍ അവശ്യപ്പെട്ടത്.ദൃശ്യങ്ങളടങ്ങിയ തെളിവുകള്‍ പ്രതികള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്നു പ്രോസിക്യൂഷനും നിലപാടെടുത്തു. ഇതോടെ പത്തു ദിവസത്തിനകം തെളിവുകൾ പ്രതിഭാഗത്തിന്  നല്‍കാനും കോടതി ഉത്തരവിട്ടു.ഇപി ജയരാജൻ അസുഖം കാരണം ഇന്ന് ഹാജരാകില്ലെന്ന് അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചു. എന്നാൽ കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇ പി ജയരാജൻ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജയരാജനെക്കൂടി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ശേഷമാകും വിചാരണ തീയതി പ്രഖ്യാപിക്കുക. 2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവവും നാശനഷ്ടങ്ങളുമുണ്ടായത്. 2.20 ലക്ഷം രൂപയുടെ പൊതുസ്വത്താണ് നശിപ്പിച്ചതെന്നാണ് കേസ്. അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇതിനിടയിൽ വിചാരണ നടപടി സ്റ്റേ ചെയ്യണമെന്ന വി ശിവൻകുട്ടിയുടെ ഹർജി ഹൈക്കോടതി തള്ളി. കേസ് പിൻവലിക്കാനായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെവരെ സമീപിച്ചിരുന്നുവെങ്കിലും ഒരു ഫലവുമുണ്ടായിരുന്നില്ല. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്.  അതുപോലെ തന്നെ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന വാദവും കോടതി അംഗീകരിച്ചില്ല.

Previous ArticleNext Article