കണ്ണൂർ:കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ ഇരയായി കാലുനഷ്ട്ടപ്പെട്ട അസ്‌ന ഇനി മുതൽ ഡോക്റ്റർ അസ്‌ന.2000 സെപ്റ്റംബർ 27 ന് പഞ്ചായത്തു തിരഞ്ഞെടുപ്പ് ദിവസമാണ് അസ്‌നയ്ക്ക് ബോംബ് സ്ഫോടനത്തിൽ കാല് നഷപ്പെടുന്നത്.അന്ന് ഒന്നാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു അസ്‌ന.വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ആർഎസ്എസ് അക്രമികൾ എറിഞ്ഞ ബോംബ് പൊട്ടി അസ്‌നയ്ക്കും അനിയൻ ആനന്ദിനും അമ്മ ശാന്തയ്ക്കും ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.പരിക്കേറ്റ അസ്‌നയെ ആദ്യം തലശ്ശേരി ആശുപത്രിയിലും പിന്നീട് മൂന്നു മാസത്തോളം കൊച്ചിയിലെ ആശുപത്രിയിലും ചികിൽസിച്ചു.വലതുകാൽ മുട്ടിനു താഴെവെച്ച് മുറിച്ചുമാറ്റേണ്ടിയും വന്നു.പിന്നീട് കൃത്രിമക്കാൽ വെച്ചാണ് അസ്‌ന നടന്നത്. എസ്എസ്എൽസിക്കും പ്ലസ് ടുവിനും മികച്ച വിജയം നേടി.പിന്നീട് ഒരു വർഷം തൃശൂരിൽ എൻട്രൻസ് പരിശീലനവും നേടി.തുടർന്ന് വികലാംഗ കോട്ടയിൽ അസ്‌നയ്ക്ക് എംബിബിഎസ് പ്രവേശനം ലഭിച്ചു.തളരാത്ത ആത്മവിശ്വാസവുമായി പഠിച്ച് അസ്‌ന ഇന്ന് ഡോക്റ്ററായിരിക്കുകയാണ്.കോൺഗ്രസ് അനുഭാവികളായിരുന്നു അസ്‌നയുടെ കുടുംബം.അസ്‌നയുടെ വിദ്യാഭ്യാസ ചിലവ് എൻജിഒ അസോസിയേഷൻ ഏറ്റെടുത്തിരുന്നു.അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരം അസ്‌നയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേക സൗകര്യവും ഏർപ്പാട് ചെയ്തിരുന്നു.ശനിയാഴ്ച വൈകുന്നേതോടെയാണ് എംബിബിഎസ് പരീക്ഷ വിജയിച്ച കാര്യം അസ്‌ന അറിയുന്നത്. ഡോക്റ്റർ ആകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും പരിക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന കാലത്ത് ഉടലെടുത്ത ആഗ്രഹമാണ് ഡോക്റ്ററാവുക എന്നുള്ളതെന്നും അസ്‌ന പറഞ്ഞു.