Kerala, News

കണ്ണൂരിൽ ബിജെപിക്കാരുടെ ബോംബേറില്‍ കാലു തകര്‍ന്ന അസ്ന ഇനി നാടിന്റെ സ്വന്തം ഡോക്ടര്‍

keralanews asna who lost her leg in bjp bombing in kannur is now become a doctor

കണ്ണൂർ:കണ്ണൂരിൽ ബിജെപിക്കാരുടെ ബോംബേറില്‍ കാലു തകര്‍ന്ന അസ്ന ഇനി നാടിന്റെ സ്വന്തം ഡോക്ടര്‍.തന്‍റെ സ്വപ്ന നേട്ടം കൈവരിച്ചിരിക്കുന്ന അസ്ന. കണ്ണൂര്‍ ചെറുവാഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടറായി ഇന്ന് ചുമതലയേല്‍ക്കും.2000 സെപ്റ്റംബര്‍ 27നാണ് വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന അസ്നയ്ക്ക് ബിജെപി പ്രവര്‍ത്തകരുടെ ബോംബേറിലാണ് വലതുകാല്‍ നഷ്ടപ്പെട്ടത്. മൂന്നു മാസം വേദന കടിച്ചമര്‍ത്തി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ഡോക്ടര്‍മാരില്‍ നിന്ന് ലഭിച്ച സ്‌നേഹവും പരിചരണവുമാണ് ഡോക്ടറാവുക എന്ന ആഗ്രഹം അസ്നയില്‍ വളര്‍ത്തിയത്.തോളിലെടുത്താണ് അച്ഛന്‍ അസ്നയെ സ്‌കൂളിലെത്തിച്ചത്. കൃത്രിമക്കാല്‍ ലഭിച്ചതോടെ, അസ്നയുടെ ജീവിതത്തിനും നേട്ടങ്ങള്‍ക്കും വേഗമേറി. ആഗ്രഹിച്ച പോലെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ചു. അപ്പോഴും നാലാം നിലയിലെ ക്ലാസ് മുറിയിലേക്കു കയറുന്നത് വെല്ലുവിളിയായിരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ലിഫ്റ്റ് സ്ഥാപിച്ച്‌ ഇതിനും പരിഹാരം കണ്ടെത്തി.പഠനത്തിനും ചികിത്സയ്ക്കുമായി നാട്ടുകാര്‍ 15 ലക്ഷം രൂപ സമാഹരിച്ചു നല്‍കിയിരുന്നു. ഡിസിസി വീടു നിര്‍മിച്ചു നല്‍കി. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ അസ്‌ന നാട്ടിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ താല്‍ക്കാലിക ജോലിക്കായി അപേക്ഷിച്ചിരുന്നു. അപേക്ഷകരില്‍ ഒന്നാം സ്ഥാനം നേടിയ അസ്‌നയ്ക്കു നിയമനം നല്‍കാന്‍ ഇന്നലെയാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്.

ചേര്‍ത്തുപിടിക്കാനും സഹായം നല്‍കാനും എത്തിയവര്‍ അനവധിയാണെന്ന് അസ്‌ന പറയുന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ വീട് നിര്‍മ്മിച്ചു തന്നു. ചികിത്സയ്ക്കും മറ്റുമായി നാട്ടുകാര്‍ പിരിച്ച പണം അക്കൗണ്ടില്‍ ഇട്ടിരുന്നു. അതില്‍ നിന്നാണ് ഓരോ തവണയും കാലു മാറ്റിവയ്ക്കാന്‍ പണമെടുക്കുന്നത്.ഒരിക്കല്‍ ബോംബ് ആക്‌സിഡന്റില്‍പെട്ട് ദേഹത്തൊക്കെ മുറിവുകളുമായി ഒരാളെ കാഷ്വാലിറ്റിയില്‍ കൊണ്ടുവന്നു. വിഷമം വന്നെങ്കിലും അന്ന് പേടിയൊന്നും തോന്നിയില്ലെന്നും അസ്‌ന പറയുന്നു. ട്രെയിനപകടത്തില്‍ കാല്‍പോയ നാഗാലാന്‍ഡുകാരന്‍ വിസാഗോയായിരുന്നു അസ്‌നക്കൊപ്പം സഹപാഠിയായി മെഡിക്കല്‍ കോളേജില്‍ അക്കാലത്തു ഉണ്ടായിരുന്നത്. 2015ലാണ് ഇപ്പോഴുള്ള ജര്‍മന്‍ നിര്‍മ്മിത കാല്‍ വച്ചത്. അമേരിക്കയിലുള്ള ജോണ്‍സണ്‍ സാമുവല്‍ എന്നയാളാണ് ഇത് സ്‌പോണ്‍സര്‍ ചെയ്തത്. നല്ലൊരു ഡോക്ടറായി പേരെടുക്കണം എന്നാണ് അസ്‌നയുടെ ഇപ്പോഴത്തെ ആഗ്രഹം.

Previous ArticleNext Article