ന്യൂഡൽഹി:ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.രാംലീല മൈതാനത്ത് രാവിലെ പത്തിനു നടക്കുന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു. കേജരിവാളിനെ മുഖ്യമന്ത്രിയായും ആറു മന്ത്രിമാരെയും രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശനിയാഴ്ച നിയമിച്ചിരുന്നു.മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്, ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാന് ഹുസൈന്, രാജേന്ദ്ര ഗൗതം എന്നിവരാണ് മറ്റു മന്ത്രിമാര്‍. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇതര സംസ്ഥാന മുഖ്യമന്ത്രിമാരെയും നേതാക്കളെയും വിളിച്ചിട്ടില്ല. ഡല്‍ഹിയുടെ മാറ്റത്തിന് ചുക്കാന്‍പിടിച്ച, വിവിധ മേഖലകളില്‍നിന്നുള്ള അൻപതോളം പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിലെ വിശിഷ്ടാതിഥികള്‍. ഇവര്‍ കെജ്രിവാളിനൊപ്പം വേദി പങ്കിടും. അധ്യാപകര്‍, ജയ് ഭീം പദ്ധതിയിലെ ഗുണഭോക്താക്കളായ വിദ്യാര്‍ഥികള്‍, മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാര്‍, ബസ് മാര്‍ഷല്‍മാര്‍, സിഗ്നേച്ചര്‍ പാലത്തിന്റെ ശില്പികള്, ജോലിക്കിടയില്‍ ജീവന് നഷ്ടപ്പെട്ട അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍, ബൈക്ക് ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, വീട്ടുപടിക്കല്‍ സേവനമെത്തിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍നിന്നുള്ളവരാണ് കെജ്രിവാളിനൊപ്പം വേദി പങ്കിടുക.