മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ വിസ്മയമൊരുക്കി കൃത്രിമ കുന്ന്.മറ്റിടങ്ങളിൽ വിമാനത്താവളത്തിനായി കുന്നുകൾ ഇടിച്ചു നിരത്തുമ്പോൾ കണ്ണൂർ വിമാനത്താവള റൺവേയ്ക്ക് സമീപം തലയുയർത്തി നിൽക്കുകയാണ് ഈ കൃത്രിമ കുന്ന്.പൂര്‍ണമായും മണ്ണുകൊണ്ട് നിര്‍മ്മിച്ച കുന്നാണ് ഇത്. എന്‍ജിനീയറിങ് വൈദഗ്ധ്യവും മനുഷ്യാധ്വാനവും ചേര്‍ന്ന് യാഥാർഥ്യമാക്കിയ ഈ കുന്നിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സിസ്റ്റം ഉള്ളത്.ഇതിനോടുചേര്‍ന്നാണ് 3050 മീറ്ററുള്ള റണ്‍വേ. കുന്നുകളും കുഴികളും നിറഞ്ഞ മൂര്‍ക്കന്‍പറമ്ബ് എങ്ങനെ നിരപ്പാക്കാമെന്ന ചര്‍ച്ചയ്ക്കിടയിലാണ് കുന്നുണ്ടാക്കാനുള്ള തീരുമാനമുണ്ടായത്.സിക്കിം വിമാനത്താവളത്തിനുവേണ്ടി 70 മീറ്റര്‍ ഉയരത്തിലുണ്ടാക്കിയ കുന്നാണ് ഇത്തരത്തില്‍ നേരത്തേയുള്ള നിര്‍മ്മിതി. അതിനെ മറികടക്കുന്ന കണ്ണൂരിലെ കുന്നിന് 88 മീറ്ററാണ് ഉയരം. 240 മീറ്റര്‍ നീളവും 150 മീറ്റര്‍ വീതിയും 65 ഡിഗ്രി ചരിവുമുണ്ട്.ചെന്നൈ ഐ.ഐ.ടി.യിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗം തലവന്‍ ഡോ. രാജഗോപാലാണ് രൂപകല്പനയ്ക്ക് നേതൃത്വം നല്‍കിയത്. 40 സെന്റീമീറ്റര്‍ ഉയരത്തില്‍ മണ്ണും അതിനുമുകളില്‍ പോളിപെര്‍പ്പലിന്‍ (പെരാലിങ്ക്) മാറ്റും അടങ്ങിയ പാളികളായാണ് കുന്ന് നിർമിച്ചിരിക്കുന്നത്.കുന്നിനുമുകളില്‍ ഹൈഡ്രോ സീഡിങ് സംവിധാനത്തിലൂടെ പുല്ല് വളര്‍ത്തി. 7.1 ലക്ഷം ലോഡ് (65 ലക്ഷം ക്യൂബിക് മീറ്റര്‍) മണ്ണ് വേണ്ടിവന്നു ഈ കുന്നുണ്ടാക്കാന്‍. വിമാനത്താവളസ്ഥലത്തു നിന്ന് തന്നെ ഇതിനാവശ്യമായ മണ്ണ് ലഭിച്ചു.പൂര്‍ണമായും പരിസ്ഥിതിക്ക് ഇണങ്ങുന്ന ഗ്രീന്‍ഫില്‍ഡ് വിമാനത്താവളമാണ് കണ്ണൂരില്‍ പൂര്‍ത്തിയായിരിക്കുന്നത്. വിമാനത്താവള പരിസരത്ത് പൂച്ചെടികളും മരങ്ങളും നട്ടുവളര്‍ത്തിയിട്ടുമുണ്ട്. മൂര്‍ഖന്‍പറമ്ബിനോട് ചേര്‍ന്ന കൃഷിയിടങ്ങളും വിമാനത്താവളത്തിന്റെ ഭാഗമായി. പ്രധാന കവാടംമുതല്‍ ടെര്‍മിനല്‍ കെട്ടിടംവരെ പൂച്ചെടികള്‍ ആണ്. വിവിധ നിറങ്ങളിലുള്ള ഇലച്ചെടികള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ടെര്‍മിനല്‍ കെട്ടിത്തിന് മുന്‍പില്‍ തെയ്യത്തിന്റെ മുടിയുടെ രൂപത്തില്‍ പൂന്തോട്ടം ഉണ്ടാകും. സാധ്യമായ സ്ഥലങ്ങളിലെല്ലാം പുല്‍ത്തകിടിയും വളര്‍ത്തി. പാര്‍ക്കിങ് മൈതാനത്തോട് ചേര്‍ന്ന് പേരയും കണിക്കൊന്നയും നട്ടു. വിമാനത്താവളത്തിലേക്കുള്ള റോഡുകളോട് ചേര്‍ന്ന് പൂച്ചെടികളും സ്ഥാനംപിടിച്ചുകഴിഞ്ഞു.