കൊച്ചി:ജല അതോറിറ്റി എംഡി ഷൈനാമോൾക്ക് അറസ്റ്റ് വാറണ്ട്.സംസ്ഥാന പോലീസ് മേധാവിക്കാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.ഈ മാസം പതിനഞ്ചിന് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കാനാണ് നിർദേശം.ജല അതോറിട്ടി കരാർ എടുത്തിട്ടുള്ള ചെന്നൈ ആസ്ഥാനമായുള്ള ഇ പി ഐ എൽ എന്ന കമ്പനിയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഇളവ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഷൈനാമോൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.ജല അതോറിറ്റിയുടെ കരാർ ജോലിയേറ്റ കമ്പനിയായ ഇ പി ഐ എൽ ന് ലേബർ ചിലവ് പുതുക്കി നൽകാനുള്ള ഹൈക്കോടതി നിർദേശം പാലിക്കാത്തതിനാലാണ് ഷൈനാമോൾക്കെതിരെ കോടതി നടപടി സ്വീകരിച്ചത്.വർധിച്ചുവരുന്ന ചിലവുകൾ കണക്കിലെടുത്ത് കരാറുകാർക്ക് ലേബർ കൂലി പുതുക്കി നൽകണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.എന്നാൽ ഇതിനെതിരെ സംസ്ഥാന ജല അതോറിട്ടി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയെങ്കിലും തള്ളിപ്പോയി.എന്നിട്ടും കരാറുകാർക്ക് കൂലി പുതുക്കി നല്കാൻ ജല അതോറിട്ടി തയ്യാറായില്ല. ലേബർ ചാർജ് പുതുക്കി നൽകാമെന്ന് കമ്പനിയുമായുള്ള കരാറിൽ പറഞ്ഞിട്ടില്ലെന്നാണ് ജല അതോറിറ്റിയുടെ വാദം.ഇതിനെതിരെ എൻജിനീയറിങ് പ്രോജെക്ടസ് ഓഫ് ഇന്ത്യ ലിമിറ്റഡ് സീനിയർ മാനേജർ ശ്രീനേഷാണ് കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്.