Kerala, News

ദേശീയ, സംസ്ഥാന നേതാക്കളുടെ അറസ്റ്റ്; സംസ്ഥാനത്ത് നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തു

keralanews arrest of national and state leaders popular front called for hartal tomorrow in the state

തിരുവനന്തപുരം:ദേശീയ, സംസ്ഥാന നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നാളെ സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു.രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.ദേശീയ, സംസ്ഥാന നേതാക്കളെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തത് അന്യായമായിട്ടാണെന്നും ഇത് ഭരണകൂട ഭീകരതയാണെന്നുമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ആരോപണം.ഹർത്താലിനെ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കേരളത്തില്‍ ഉള്‍പ്പെടെ രാജ്യമെമ്പാടുമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലാണ് എന്‍ഐഎ റെയ്ഡ്. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങി 13 സംസ്ഥാനങ്ങളിലായി നൂറോളം ഇടങ്ങളിലാണ് ഇഡി സഹകരണത്തോടെ റെയ്ഡ് നടത്തിയത്. ദേശീയ, സംസ്ഥാന നേതാക്കള്‍ അടക്കം 106 പേരെ കസ്റ്റഡിയില്‍ എടുത്തു. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലായി നേതാക്കൾ അടക്കമുള്ള 22 പേരെ എൻഐഎ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ എട്ട് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇവരെ കോടതിയിൽ ഹാജരാക്കിയതിനു ശേഷം ഡൽഹിയിലേക്ക് കൊണ്ടു പോയി.

Previous ArticleNext Article