ന്യൂഡൽഹി:ലഹരി മരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതില്‍ കോടിയേരി ബാലകൃഷ്ണന് പിന്തുണയുമായി സിപിഐഎം കേന്ദ്രനേതൃത്വം. കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ല. ബിനീഷ് കോടിയേരി പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ നിലപാട് എടുക്കേണ്ടതില്ലെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.ബിനീഷ് കോടിയേരി തെറ്റ് ചെയ്‌തെങ്കില്‍ ബിനീഷ് തന്നെ വ്യക്തിപരമായി നേരിടുമെന്നും ഇതിന്റെ പേരില്‍ കോടിയേരിയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കുന്നത് എതിരാളികളെ സഹായിക്കുമെന്നും കേന്ദ്ര നേതൃത്വം കരുതുന്നു.കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി ശ്രമിക്കുകയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. എം ശിവശങ്കറിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നടപടി സ്വീകരിച്ചിരുന്നു. ബിനീഷ് കോടിയേരി പാര്‍ട്ടി അംഗമല്ല. ബിനീഷിന്റെ അറസ്റ്റില്‍ പാര്‍ട്ടിക്ക് ധാര്‍മിക ഉത്തരവാദിത്തമില്ല. നിലപാട് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്.തെരഞ്ഞെടുപ്പില്‍ മതേതരപാര്‍ട്ടികളുമായി സിപിഐഎം ധാരണയുണ്ടാക്കും. ബംഗാളില്‍ കോണ്‍ഗ്രസുമായി സീറ്റ് വീതം വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിനോട് ബിനീഷ് കോടിയേരി സഹകരിക്കുന്നില്ലെന്ന് ഇ.ഡി അറിയിച്ചു. പണത്തിന്റെ സ്രോതസിനെ കുറിച്ച് ചോദ്യത്തില്‍ നിന്നും ബിനീഷ് ഒഴിഞ്ഞുമാറുകയാണ്. ബിനീഷ് നല്‍കുന്ന പല മറുപടിയിലും തൃപ്‌തിയില്ലെന്നും കസ്‌റ്റഡി കാലാവധി കഴിയും മുന്‍പ് ഉത്തരങ്ങള്‍ ലഭിക്കേണ്ടതിനാല്‍ എത്ര വൈകിയായാലും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കുമെന്ന് ഇ.ഡി അറിയിച്ചു.