കണ്ണൂർ:വെള്ളത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കായി സ്കൂൾ ലാബുകളിൽ സംവിധാനമൊരുങ്ങുന്നു.ഹരിത കേരളം മിഷനാണ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂൾ ലാബുകളിൽ പദ്ധതിയൊരുക്കുന്നത്.ഹയർസെക്കണ്ടറി വിഭാഗം കെമിസ്ട്രി ലാബുകളുടെ ഭാഗമായാണ് സംവിധാനം സജ്ജമാക്കുക.പദ്ധതിയിലൂടെ പൊതുജനങ്ങൾക്ക് ജല സാമ്പിളുകൾ പരിശോധിച്ച് റിപ്പോർട്ട് ലഭിക്കും.800 രൂപയ്ക്ക് മുകളിലാണ് നിലവിൽ ജലപരിശോധനയ്ക്ക് ഈടാക്കുന്നത്.കെമിസ്ട്രി ലാബിന്റെ ചുമതലയുള്ള അധ്യാപകനോടൊപ്പം എൻ എസ് എസ് വോളന്റിയേഴ്‌സും സയൻസ് ക്ലബ് അംഗങ്ങളുമായ വിദ്യാർത്ഥികളെയാണ് പരിശോധന സംഘത്തിൽ ഉൾപ്പെടുത്തുക.അധ്യാപകന് പരിശീലനം നൽകിയശേഷമായിരിക്കും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.ജലമലിനീകരണം തടയുന്നതിനുള്ള ബോധവൽക്കരണം,പരിശോധനയ്ക്കുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കൽ,പരിശോധനാ സംവിധാനങ്ങളുടെ കുറവ് പരിഹരിക്കാൻ എന്നിവ ലക്ഷ്യമിട്ടാണ് ഹരിത കേരളം മിഷൻ പദ്ധതി തുടങ്ങിയത്.പദ്ധതിയുടെ ഭാഗമായി നിർമിച്ച ലാബുകളുടെ സംസ്ഥാനതല ഉൽഘാടനം ഈ മാസം ഏഴിന് മുഖ്യമന്ത്രി നിർവഹിക്കും.ഉച്ചയ്ക്ക് 12 മണിക്ക് കണ്ണൂർ അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിൽ ഓൺലൈനിലൂടെയാണ് ഉൽഘാടന ചടങ്ങ്.
പദ്ധതിയുടെ പ്രത്യേകതകൾ:
- ഒരു സ്കൂളിന് ആദ്യഘട്ടത്തിൽ സൗജന്യമായി 1000 പരിശോധന കിറ്റുകൾ നൽകും.
- 2 ലക്ഷം രൂപയാണ് ലാബ് സജ്ജമാക്കുവാൻ വേണ്ടത്.ധർമടം പഞ്ചായത്തിലെ ലാബുകൾ സജ്ജമാക്കാൻ തുക ചിലവഴിച്ചത് ഹരിതകേരളം മിഷനാണ്.
- മറ്റ് സ്കൂളുകളിലേക്കുള്ള തുക കണ്ടെത്തുക എം.എൽ.എ മാരുടെ ആസ്തിവികസന നിധിയിൽ നിന്നും.
- എട്ടുതരം പരിശോധനകളാണ് ലാബിൽ നടത്താനാവുക.
- സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും ഒരു ഹയർസെക്കണ്ടറി സ്കൂളിൽ സംവിധാനം നടപ്പാക്കും.
ധർമടം നിയോജകമണ്ഡലത്തിലെ എ.കെ.ജി സ്മാരക ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പെരളശ്ശേരി,ഇ.കെ നായനാർ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂൾ വേങ്ങാട്,ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അഞ്ചരക്കണ്ടി,ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മുഴപ്പിലങ്ങാട്,ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പാലയാട്,ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ചാല,ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കാടാച്ചിറ,എ.കെ.ജി സ്മാരക ഹയർസെക്കണ്ടറി സ്കൂൾ പിണറായി എന്നിവയാണ് നിലവിൽ ജില്ലയിൽ പ്രവർത്തന സജ്ജമായ സ്കൂളുകൾ.