India, News

ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ അർണാബ് ഗോസ്വാമി സുപ്രീംകോടതിയെ സമീപിച്ചു

keralanews arnab goswami approched supreme court challenging bombay high court order denying him bail

ന്യൂഡൽഹി:ഇന്റീരിയർ ഡിസൈനറുടെ ആത്മഹത്യാ പ്രേരണക്കേസിൽ തനിക്ക് ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻചീഫ് അർണാബ് ഗോസ്വാമി സുപ്രീംകോടതിയിൽ. നിലവിൽ തലോജ ജയിലിലുള്ള അർണാബിനെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് റായ്ഗഡ് പൊലീസ് സമർപ്പിച്ച റിവിഷൻ ഹരജി അലിബാഗ് സെഷൻസ് കോടതി പരിഗണിക്കാനിരിക്കെയാണ് അർണാബ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.ഇടക്കാല ജാമ്യം തേടിക്കൊണ്ടുള്ള അർണാബിന്റെയും രണ്ട് കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ചയാണ് ബോംബെ ഹൈക്കോടതി തള്ളിയത്.  വിചാരണ കോടതിയെ മറികടന്ന് ജാമ്യം നല്‍കേണ്ട അസാധാരണ സാഹചര്യം നിലവിലില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നത്. ജാമ്യം നേടാന്‍ അര്‍ണബിന് സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. നാല് ദിവസത്തിനുള്ളില്‍ സെഷന്‍സ് കോടതി അര്‍ണബിന്റെ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.ഹൈക്കോടതി ജാമ്യം നൽകാതിരുന്നതോടെയാണ് അഡ്വ. നിർനിമേഷ് ദുബെയിലൂടെ അർണാബ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. നവംബർ നാലിന് മുംബൈയിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം അർണാബ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അദ്ദേഹത്തെ തങ്ങളുടെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന പൊലീസിന്റെ ആവശ്യം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

Previous ArticleNext Article