മലപ്പുറം:കനത്ത മഴയെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടൽ വൻ ദുരന്തം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ദുരന്തനിവാരണസേനയും സന്നദ്ധ പ്രവര്‍ത്തകരും ഇവരോടൊപ്പം തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.മലയുടെ ഒരു ഭാഗം ഇടിഞ്ഞ് 50 അടിയോളം ഉയരത്തില്‍ മണ്ണു നിറഞ്ഞു കിടക്കുന്നുണ്ട്.45 വീടുകളാണ് മണ്ണിനടിയില്‍ പെട്ടുപോയത്. വീടുകളുടെ അവശിഷ്ടങ്ങള്‍ പോലും കാണാത്ത രീതിയിലാണ് മണ്ണു നിറഞ്ഞത്.അൻപതടിയോളം ആഴത്തില്‍ മണ്ണ് ഇളക്കി നീക്കിയാല്‍ മാത്രമേ ഉള്ളില്‍ കുടുങ്ങിയവെ കണ്ടെത്താനാകൂ.എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.കനത്ത മഴ തുടര്‍ന്നതിനാല്‍ ചെളിനിറഞ്ഞ് ദുഷ്കരമായിരുന്നു ശനിയാഴ്ചത്തെ തിരച്ചില്‍.രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ശനിയാഴ്ച വീണ്ടും ഉരുള്‍പൊട്ടി.രക്ഷാപ്രവര്‍ത്തകര്‍ ഓടിമാറിയതിനാല്‍ മറ്റൊരു ദുരന്തമൊഴിവാകുകയായിരുന്നു.തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിർത്തിവെയ്ക്കുകയായിരുന്നു.അൻപതിലധികം പേർ ഇവിടെ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് കണക്കുകൂട്ടൽ.നിലവില്‍ മരങ്ങളും മറ്റു മുറിച്ചു മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.ശനിയാഴ്ച കടപുഴകിയ മരങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു.അതേസമയം മേഖലയില്‍ വീണ്ടും മണ്ണിടിച്ചിലിനും ഉരുള്‍ പൊട്ടലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണ്ണ് ശക്തമായി താഴേക്ക് തെന്നി നീങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അതൊന്നും വകവെയ്ക്കാതെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.