Kerala, News

അര്‍ജുന്‍ ആയങ്കി‍ സ്ഥിരം കുറ്റവാളി;കാപ്പ ചുമത്താൻ ശുപാർശ നൽകി കമ്മീഷണർ

keralanews arjun ayanki is a regular offender commissioner recommended to impose kappa

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ.ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കമ്മീഷണർ ആർ ഇളങ്കോ ഡിഐജി രാഹുൽ ആർ നായർക്ക് കൈമാറി. സ്ഥിരം കുറ്റവാളിയാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ ചെയ്തത്. ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. ഉത്തരവ് പുറത്തിറങ്ങിയാൽ അർജുൻ ആയങ്കിയ്‌ക്ക് സ്വന്തം ജില്ലയായ കണ്ണൂരിൽ പ്രവേശിക്കാൻ സാധിക്കില്ല. കഴിഞ്ഞ ജൂണിലാണ് അര്‍ജുന്‍ ആയങ്കിയെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റില്‍ കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് അര്‍ജുന്‍ ആയങ്കി.മലപ്പുറത്ത് സ്വര്‍ണക്കടത്തു സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് അര്‍ജുന്‍ ആയങ്കിയിലേക്ക് എത്തിയത്. രണ്ട് മാസത്തെ തടവിന് ശേഷം ആഗസ്റ്റിലായിരുന്നു അര്‍ജുന്‍ ആയങ്കിയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നേരത്തെ അര്‍ജുന്‍ ആയങ്കി ഉള്‍പ്പെട്ട നിരവധി ആക്രമണ കേസുകളും നിലനില്‍ക്കുന്നുണ്ട്. നിരന്തരമായി ആക്രമണക്കേസുകളില്‍ പ്രതിയാകുന്നവരേയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരേയുമാണ് കാപ്പ ചുമത്തി നാടുകടത്തുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യുന്നത്.

Previous ArticleNext Article