കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം. കീഴ്‌ക്കോടതികള്‍ ജാമ്യാപേക്ഷ തള്ളിയെങ്കിലും കേസിന്റെ ഇപ്പോഴത്തെ നില പരിഗണിച്ചാണ് ഹൈക്കോടതി ആയങ്കിക്ക് ജാമ്യം അനുവദിച്ചത്. മൂന്നു മാസം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, സംസ്ഥാന വിട്ടു പോകരുത്, എല്ലാ മാസവും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായി ഒപ്പിടണം എന്നീ വ്യവസ്ഥകളിലാണ് ജാമ്യം അനുവദിച്ചത്. കേസിലെ രണ്ടാം പ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച് വന്‍ കള്ളക്കടത്ത് സംഘമുണ്ടെന്നും ജാമ്യം നല്‍കിയാല്‍ കേസ് ആട്ടിമറിക്കുമെന്നും കസ്റ്റംസ് നേരത്തേ കോടതിയെ അറിയിച്ചിരുന്നു. വിവിധ വിമാനത്താവളം വഴി സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയതില്‍ പ്രതിക്ക് പങ്കുണ്ടെന്നുമാണ് കസ്റ്റംസ് വാദം.കേസിലെ സുപ്രധാന വിവരങ്ങള്‍ സീല്‍ഡ് കവറില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.സ്വര്‍ണ്ണക്കടത്തില്‍ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിച്ചിട്ടുണ്ട് അതിനാല്‍ തനിക്ക് ജാമ്യം അനുവദിച്ചു തരണമെന്നും അര്‍ജുന്റെ ജാമ്യഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.ജൂണ്‍ 28നാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.