ഖത്തർ:ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ ഫുട്ബോൾ ലോക കിരീടം ചൂടി അർജന്റീന.ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തകർത്താണ് (4-2) അർജന്റീന കിരീടം നേടിയത്. രണ്ട് ഗോൾ നേടിയ ലയണൽ മെസിയും എയ്ഞ്ചൽ ഡി മരിയയുമാണ് മുഴുവൻ സമയത്ത് അർജന്റീനയുടെ സ്കോറർമാർ. കിലിയൻ എംബാപ്പെയാണ് ഫ്രാൻസിന്റെ മൂന്ന് ഗോളുകളും നേടിയത്.പെനാൽറ്റി ഷൂട്ടൌട്ടിൽ 4-2ന് ഫ്രാൻസിനെ മറികടക്കുമ്പോൾ, 36 വർഷത്തിനുശേഷമാണ് അർജന്റീന ഫിഫ ലോകകപ്പിൽ മുത്തമിടുന്നത്. മുമ്പ് 1978ലും 1986ലുമാണ് അർജന്റീന ലോകകപ്പ് നേടിയത്. 1978ൽ മരിയോ കെംപസിലൂടെയും 1986ൽ ഡീഗോ മറഡോണയിലൂടെയും നേടിയ ലോകകിരീടം 2022ൽ ലയണൽ മെസിയിലൂടെ അർജന്റീന തിരിച്ചുപിടിക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനലിനാണ് ഖത്തറിലെ ലുസൈൽ സ്റ്റേഡിയം സാക്ഷിയായത്. തുടക്കം മുതൽ കളിയിൽ മേധാവിത്വം പുലർത്തിയാണ് അർജന്റീന രണ്ടു ഗോൾ ലീഡ് നേടിയത്.ആദ്യ പകുതിയിലെ ലീഡുമായി രണ്ടാം പകുതിയിൽ ഇറങ്ങിയ അർജന്റീനയെ കാത്തിരുന്നത് ഫ്രാൻസിന്റെ ഗംഭീര തിരിച്ചുവരവാണ്. കീലിയൻ എംബാപ്പെയുടെ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിൽ ഫ്രാൻസ് പിടിമുറുക്കി. ഇരട്ട പ്രഹരമേൽപ്പിച്ചാണ് എംബാപ്പെ ഫ്രാൻസിനെ ഒപ്പമെത്തിച്ചത്.
ഫുട്ബോൾ ലോകത്തിനെ ആവേശത്തിന്റെ കൊടുമുടി കയറ്റി ഇതിഹാസ താരം ലയണൽ മെസിയിലൂടെയായിരുന്നു അർജന്റീന മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. പെനാൽറ്റിയിലൂടെ മെസി നേടിയ ആദ്യ ഗോളിന് മുന്നിട്ട് നിന്ന അർജന്റീന എയ്ഞ്ചൽ ഡി മരിയയിലൂടെ ഫൈനലിലെ രണ്ടാം ഗോൾ നേടി.ഇരുപത്തിയൊന്നാം മിനിറ്റിൽ ഡി മരിയയെ പെനാൽറ്റി ബോക്സിൽ ഡെംബെലെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിലൂടെയായിരുന്നു മെസി ഫൈനലിലെ ആദ്യ ഗോൾ കണ്ടെത്തിയത്.മുപ്പത്തിയാറാം മിനിറ്റിലായിരുന്നു ഡി മരിയയുടെ രാജകീയമായ തിരിച്ചു വരവ് അടയാളപ്പെടുത്തിയ ഗോൾ പിറന്നത്. മെസിയായിരുന്നു രണ്ടാം ഗോളിന്റെയും അമരക്കാരൻ. മെസിയിൽ നിന്നും പന്ത് സ്വീകരിച്ച മക് അലിസ്റ്റർ അവസരം ഒട്ടും പാഴാക്കാതെ അത് ഡി മരിയക്ക് നൽകി. അവസരം മുതലെടുത്ത ഡി മരിയ അത് മനോഹരമായി ഗോളാക്കി മാറ്റുകയായിരുന്നു.പനി ബാധിച്ച സൂപ്പർ താരം ജിറൂഡിനെയും ഡെംബെലെയും ഫ്രാൻസ് നാൽപ്പത്തി മൂന്നാം മിനിറ്റിൽ പിൻവലിച്ചത് ആരാധകരെ നിരാശയിലാക്കി. രണ്ടാം പകുതിയിൽ ഗോൾ ലക്ഷ്യമിട്ട് ഫ്രാൻസ് ആക്രമണം കടുപ്പിച്ചു. അർജന്റീന ആക്രമണത്തിലും പ്രതിരോധത്തിലും ഒരേ പോലെ മികച്ചു നിന്നപ്പോൾ, അപ്രതീക്ഷിതമായ മടങ്ങി വരവായിരുന്നു എംബാപ്പെ എന്ന യാഗാശ്വത്തിലൂടെ ഫ്രാൻസ് നടത്തിയത്.എഴുപത്തിയൊൻപതാം മിനിറ്റിൽ കൊലോമുവാനിയെ ബോക്സിൽ തള്ളി വീഴ്ത്തിയ ഒട്ടമെൻഡിക്കെതിരെ റഫറി പെനാൽറ്റി വിധിച്ചു. എൺപതാം മിനിറ്റിൽ കിക്കെടുത്ത എംബാപ്പെ ലക്ഷ്യം കണ്ടു. ഗോളിന്റെ ഞെട്ടലിൽ പകച്ച അർജന്റീനയുടെ പതർച്ച മുതലെടുത്ത് എൺപത്തിയൊന്നാം മിനിറ്റിൽ എംബാപ്പെ ഫ്രാൻസിന്റെ രണ്ടാം ഗോൾ കണ്ടെത്തി.
മത്സരം പുരോഗമിക്കവേ ഇരു ടീമുകളും മികച്ച അവസരങ്ങളുണ്ടാക്കി മുന്നോട്ട് പോയി. ആദ്യ പകുതിയിൽ ഉറങ്ങിയ ഫ്രാൻസ് മത്സരത്തിലേക്ക് തിരിച്ചു വന്നതോടെ അർജന്റീനയും ഉണർന്നു. ഒടുവിൽ ആഗ്രഹിച്ച പോലെ അർജന്റീനയുടെ ഗോൾ പിറന്നു.എന്നാൽ വിട്ടുകൊടുക്കാൻ ഫ്രാൻസും എംബാപ്പെയും തയ്യാറായില്ല. അധിക സമയത്തിന്റെ അവസാന നിമിഷം പെനാൽറ്റിയിലൂടെ ഗോൾ നേടി എംബാപ്പെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കൊണ്ട് പോയി.പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയ്ക്ക് വേണ്ടി ആദ്യ കിക്കെടുത്ത മെസ്സി കൃത്യമായി വലയിലെത്തിച്ചു. മറുഭാഗത്ത് എംബാപ്പെയും ലക്ഷ്യം കണ്ടതോടെ മത്സരം മുറുകി. എന്നാൽ ഇവിടെയാണ് എമിലിയാനോ മാർട്ടിനസ് എന്ന താരത്തിന്റെ സാന്നിധ്യം അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചത്. തുടർച്ചയായി രണ്ട് കിക്കുകൾ തടുത്ത എമിലിയാനോ ടീമിനെ അക്ഷരാർത്ഥത്തിൽ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു.ആദ്യ കിക്ക് എംബാപ്പെ ഗോളാക്കിയെങ്കിലും തുടർന്നുള്ള കിക്ക് തടുത്തിട്ട് എമിലിയാനോ, അർജന്റീനയ്ക്ക് മേധാവിത്വം നൽകി. മൂന്നാമത്തെ കിക്ക് ഫ്രഞ്ച് താരം പുറത്തേക്ക് അടിച്ചുകളഞ്ഞതോടെ മത്സരത്തിൽ അർജന്റീന വിജയമുറപ്പിക്കുകയായിരുന്നു. നാലമത്തെ കിക്ക് ഫ്രഞ്ച് താരം കോലോ മൌനി ലക്ഷ്യം കണ്ടെങ്കിലും തൊട്ടടുത്ത കിക്കെടുത്ത മോണ്ടിയാലിന് പിഴച്ചില്ല. അർജന്റീന ലോകത്തിന്റെ നെറുകയിലേക്ക് നടന്നുകയറി.