കൊച്ചി:പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.എറണാകുളം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. 10 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലും 1.72 കോടി രൂപ തട്ടിയെന്ന കേസിലുമാണ് മോണ്‍സന്‍ ജാമ്യാപേക്ഷ നല്‍കിയത്. ആരോപണങ്ങള്‍ ജാമ്യം നിഷേധിക്കുന്ന തരത്തിലുള്ള ഗൗരവമുള്ളതല്ലന്നായിരുന്നു മോണ്‍സന്റെ വാദം. അനൂപ്, ഷമീര്‍ എന്നിവരില്‍നിന്നാണ് ഇയാള്‍ 10 കോടി രൂപ തട്ടിയത്. വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞാണ് പാലാ സ്വദേശി രാജീവനില്‍നിന്നും 1.72 കോടി രൂപ ഇയാള്‍ തട്ടിയെടുത്തത്. മോന്‍സണിനെതിരേ ക്രിമിനല്‍ കേസുകളുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മോണ്‍സന് ഉന്നത ബന്ധങ്ങളുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.അതേസമയം, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വന്നത് ചികില്‍സയ്ക്കാണെന്ന് മോണ്‍സന്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. സുധാകരന്‍ തന്റെ വീട്ടില്‍ താമസിച്ചിട്ടില്ല. ചികില്‍സ കഴിഞ്ഞ് അന്നുതന്നെ മടങ്ങുകയായിരുന്നു പതിവെന്നും മോണ്‍സന്‍ പറഞ്ഞു. ഈമാസം 20 വരെയാണ് മോണ്‍സന്‍ മാവുങ്കലിന്റെ റിമാന്‍ഡ് കാലാവധി.