പത്തനംതിട്ട:ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് പമ്പയാറ്റില്‍ നടക്കും. രണ്ട് ബാച്ചുകളിലായി 52 പള്ളിയോടങ്ങള്‍ ജലോത്സവത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജല ഘോഷയാത്രയും മൂന്ന് മണിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി മത്സര വള്ളംകളിയും ഉദ്ഘാടനം ചെയ്യും.എ ബാച്ചില്‍ 35 പള്ളിയോടങ്ങളും ബി ബാച്ചില്‍ 17 പള്ളിയോടങ്ങളും പങ്കെടുക്കും. ഇത്തവണ ഹീറ്റ്‌സ് മത്സരങ്ങളില്‍ പള്ളിയോടങ്ങളുടെ സമയം രേഖപ്പെടുത്തുകയും കുറഞ്ഞ സമയം കുറിച്ച നാല് പള്ളിയോടങ്ങളെ വീതം ഫൈനല്‍ മത്സരങ്ങളില്‍ പങ്കെടുപ്പിക്കും.ഓരോ ബാച്ചിലും മത്സരിക്കുന്ന പള്ളിയോടങ്ങള്‍ക്ക് പാടേണ്ട വഞ്ചിപ്പാട്ട് സഹിതം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവയ്ക്ക് അയോഗ്യത കല്‍പ്പിക്കുമെന്നതിനാല്‍ ഉത്രട്ടാതി ജലമേളയുടെ തനിമ ഉറപ്പാക്കാനാകും. സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ ഗായകന്‍ കാവാലം ശ്രീകുമാറിന് രാമപുരത്ത് വാര്യര്‍ പുരസ്‌കാരം ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് സമ്മാനിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഡി രാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.