ഇരിട്ടി: ആറളം ഫാമിലെ ആളെക്കൊല്ലിയായ കാട്ടാനയെ മയക്കുവെടിവെച്ചുപിടിച്ച് വനത്തിലേക്കുവിടാന്‍ വനംമന്ത്രി നിര്‍ദേശം നല്‍കി. സണ്ണി ജോസഫ് എം.എല്‍.എ. ആണ് ഈ കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ഫാമില്‍ കാട്ടാനയുടെ കുത്തേറ്റുമരിച്ച റെജിയുടെ എടപ്പുഴയിലുള്ള വീട് എം.എല്‍.എ. സന്ദര്‍ശിച്ചു. ആറളം ഫാമില്‍ ജനവാസമേഖലയില്‍ കാട്ടാന ഇറങ്ങുന്നത് തടയുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധം ശക്തമാകുകയാണ്.
മരിച്ചവരുടെ ആശ്രിതര്‍ക്ക് ന്യായമായ നഷ്ടപരിഹാരവും ബന്ധപ്പെട്ടവര്‍ക്ക് തൊഴിലും നൽകുക, വന്യമൃഗശല്യം തടയാന്‍ നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ 10-ന് ഇരിട്ടിയിലുള്ള ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ആറളം വനത്തില്‍നിന്ന് പുനരധിവാസമേഖലയിലേക്ക് കടന്ന ആനക്കൂട്ടത്തില്‍ മൂന്നെണ്ണം ഇപ്പോഴും മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്. ആറളം ഫാമില്‍ ഒരുവര്‍ഷത്തിനിടയില്‍ മേഖലയില്‍ നാലുപേരാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.