ഇരിട്ടി: ആറളം ഫാമിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങി ഭീതി പരത്തുകയും നാലോളം പേരെ കൊല്ലുകയും ചെയ്ത ആനയെ മയക്കു വെടി വെച്ച് പിടികൂടി കൂട്ടിലടയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള കൂടിന്റെ നിർമാണം പൂർത്തിയായി. എന്നാൽ കാട്ടാനയെ പിടികൂടി കാട്ടിലയക്കുന്ന നടപടി ഇനിയും വൈകുമെന്നാണ് അറിയുന്നത്. കാട്ടാനയെ മയക്ക് വെടി വെച്ച് പിടികൂടിയാൽ കൂട്ടിലാക്കാനും പിന്നീട് ഉൾവനത്തിലെത്തിക്കാനുമായുള്ള കുങ്കി ആനകളെ (പ്രത്യേക പരിശീലനം ലഭിച്ച നാട്ടാനകൾ)തമിഴ് നാട്ടിൽ നിന്ന് ആറളത്ത് എത്തിക്കണം.
ഇതിനു ശേഷമായിരിക്കും ചുള്ളിക്കൊമ്പനെ തളയ്ക്കുന്നത്. കൂടിന്റെ നിർമാണ പ്രവർത്തി ഡോക്ടറുടെ നിരീക്ഷണത്തിലാണ് നടന്നത്. ജെ സി ബി ഉപയോഗിച്ച് കുഴിയെടുത്തു നാല് ദിവസം കൊണ്ടാണ് കൂട് നിർമിച്ചത്. ചുള്ളിക്കൊമ്പനെ തളച്ചാലും മേഖലയിലെ ആന ഭീതി മാറുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. കാരണം 15ലധികം കാട്ടാനകൾ മേഖലയിൽ ഭീതി പരത്തുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്