കോഴിക്കോട്:വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനുള്ള മുസ്ലിം ലീഗ് എംഎല്‍എ കെ.എം.ഷാജിയുടെ അപേക്ഷ കോഴിക്കോട് കോര്പ്പറേഷന് തള്ളി. പിഴവുകള്‍ നികത്തി വീണ്ടും അപേക്ഷ സമര്‍പ്പിക്കണമെന്ന് കോര്പ്പറേഷന് സെക്രട്ടറി അറിയിച്ചു. അനധികൃത നിര്‍മാണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോര്പ്പറേഷന് കെ.എം.ഷാജിക്ക് നേരത്തെ നോട്ടീസ് നല്‍കിയത്. കെ.എം.ഷാജി വേങ്ങേരി വില്ലേജില്‍ കെ.എം.ഷാജി നിര്‍മ്മിച്ച വീടിന്റെ കാര്യത്തിലാണ് കോര്പറേഷന് ചട്ടലംഘനം കണ്ടെത്തിയത്. സമര്‍പ്പിച്ച പ്ലാനിലുള്ളതിനേക്കാള്‍ കൂടുതൽ അളവിലാണ് വീടിന്റെ നിര്‍മാണമെന്നാണ് കണ്ടെത്തല്‍.മൂന്നാം നില മുഴുവനായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായി നിര്‍മിച്ചതാണെന്നാണ് കണ്ടെത്തല്‍. 2,200 ചതുരശ്ര അടി അധിക നിര്‍മാണത്തില്‍ ഉള്‍പ്പെടും. ഷാജി അപേക്ഷിച്ചത് 3,200 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വീടിനാണെന്നും എന്നാല്‍, നിര്‍മ്മിച്ചത് 5,450 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വീടാണെന്നും കോര്പ്പറേഷന് കണ്ടെത്തിയിരുന്നു.എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന്റെ നിർദേശമനുസരിച്ച് കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് ഷാജിയുടെ വീടും സ്ഥലവും അളന്നത്.ഷാജിയുടെ സ്വത്ത് വിവരങ്ങള്‍ ശേഖരിക്കാന്‍ ഇഡി നേരത്തെ തീരുമാനിച്ചിരുന്നു.2017 ല്‍ അഴിക്കോട് സ്കൂള്‍ മാനേജ്മെന്റില്‍ നിന്ന് ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്ന കേസാണ് ഇ ഡി അൺഎവേശിക്കുന്നത്.ഷാജിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. നവംബര്‍ പത്തിനാണ് ചോദ്യം ചെയ്യല്‍. കോഴിക്കോട് ഇഡി നോര്‍ത്ത് സോണ്‍ ഓഫീസില്‍ വച്ചായിരിക്കും ചോദ്യം ചെയ്യല്‍. ഷാജി അടക്കം 30 പേര്‍ക്ക് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.