കോഴിക്കോട്:കോഴിക്കോട് മുക്കത്ത് ഗെയിൽ വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്നം പരിഹരിക്കുന്നതിനായി സർക്കാർ വിളിച്ചുചേർക്കുന്ന സർവകക്ഷി യോഗത്തിലേക്ക് സമരസമിതിക്കും ക്ഷണം.സമര സമിതിയിൽ നിന്നും രണ്ടു പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിക്കാൻ മന്ത്രി എ.സി മൊയ്‌ദീൻ കളക്റ്റർക്ക് നിർദേശം നൽകി. കോഴിക്കോട് കളക്റ്ററേറ്റിൽ തിങ്കളാഴ്ചയാണ് യോഗം ചേരുന്നത്.പൈപ്പ് ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ എംപിമാർ,എംഎൽഎമാർ,നഗരസഭാ ചെയർമാൻമാർ, പഞ്ചായത്തു പ്രെസിഡന്റുമാർ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.ചർച്ച വിജയിച്ചില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ എരഞ്ഞിമാവിൽ കുടിൽകെട്ടി സമരം തുടങ്ങാനാണ് സമരസമിതിയുടെ തീരുമാനം.പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മുക്കത്ത് മൂന്നു മാസമായി സമരം നടന്നുവരികയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി സമരം സംഘർഷത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.ഇതേ തുടർന്നാണ് സർക്കാർ സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്.