തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നലെ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തിരുവന്തപുരം നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസാണ്(77) കോവിഡ് ബാധിച്ച് മരണപ്പെട്ടത്.ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് മരണം.കോവിഡ് ബാധ മൂലമാണ് മരണമെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.അതേസമയം മരണപ്പെട്ട വൈദികന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനാകാത്തത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്.വൈദികനെ ചികിത്സിച്ച മെഡിക്കല്‍ കോളേജിലെയും പേരൂര്‍ക്കട ഗവ. ആശുപത്രിയിലെയും ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പെടെ 30 പേരെ ക്വാറന്റൈനിലാക്കാന്‍ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. മെഡിക്കല്‍ കോളേജില്‍ വൈദികന്‍ ചികിത്സയില്‍ കഴിഞ്ഞ ബെഡില്‍ കഴിഞ്ഞദിവസം പ്രവേശിപ്പിച്ച കൊല്ലം സ്വദേശിയായ രോഗിയെയും വൈദികനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ബന്ധുക്കളെയും സുഹൃത്തുക്കളെയും നിരീക്ഷണത്തിലാക്കി. ഏപ്രില്‍ 20നാണ് നാലാഞ്ചിറ ബനഡിക്‌ട് നഗറില്‍ നിന്ന് റോഡിലൂടെ വന്ന ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യുന്നതിനിടെ വൈദികന്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തിനിടയാക്കിയ ബൈക്ക് നിര്‍ത്താതെ പോകുകയും ചെയ്തു.തലയ്ക്ക് പരുക്കേറ്റ് റോഡില്‍ വീണ് കിടന്ന വൈദികനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് എത്തിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് 20ന് ഡിസ്ചാര്‍ജ് ചെയ്ത് പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലേക്കയച്ചു. അവിടെ ചികിത്സ തുടര്‍ന്നെങ്കിലും ശ്വാസതടസ്സമുണ്ടായി.30ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നു. സൂപ്പര്‍ സ്പെഷ്യാലിറ്റി ഐ.സി.യുവില്‍ കഴിയുമ്പോഴാണ് മരണം സംഭവിച്ചത്. മരണശേഷമാണ് കൊവിഡ് പരിശോധനാഫലം ലഭിച്ചത്. ഇത് കാരണം വൈദികന് കൊവിഡ് ബാധയുണ്ടെന്നറിയാതെ നിരവധി പേര്‍ ആശുപത്രിയില്‍വച്ച് അദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ടു.ഇവരെ തിരിച്ചറിയുകയും സമ്പർക്കപ്പട്ടിക തയ്യാറാക്കുകയുമാണ് ആരോഗ്യവകുപ്പിന്റെ മുന്നിലുള്ള ദൗത്യം.പോത്തന്‍കോട് എ.എസ്.ഐയ്ക്ക് കൊവിഡ് ബാധിച്ചതിന് പിന്നാലെ വൈദികന്റെ രോഗബാധയും ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ട് മാസത്തിലേറെ നീണ്ട ആശുപത്രി വാസത്തിനിടെ ബാഹ്യസമ്പർക്കത്തിന് സാദ്ധ്യതയില്ലാതിരുന്ന വൈദികന് ആശുപത്രിയില്‍ നിന്നാകാം രോഗമുണ്ടായതെന്നാണ് നിലവിലെ സംശയം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ല.
Kerala, News
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി;മരിച്ചത് തിരുവനന്തപുരം സ്വദേശിയായ വൈദികൻ
Previous Articleകെഎസ്ആർടിസി അയൽജില്ലകളിലേക്കുള്ള സർവീസ് ആരംഭിച്ചു