കൊച്ചി: മുൻ ഐഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമനെതിരെ ഗുരുതര ആരോപണവുമായി പ്രമുഖ വാർത്ത ചാനലായ ട്വന്റി ഫോർ ന്യൂസ് രംഗത്ത്. കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിൽ മാനേജിംഗ് ഡയറക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമൻ അനധികൃത നിയമനം നടത്തിയെന്നാണ് ആരോപണം.ചീഫ് എക്സിക്യുട്ടീവ് ഓഫീസർ തസ്തിയിലേക്ക് സർക്കാർ നിശ്ചയിച്ചതിനേക്കാൾ ഇരട്ടി ശമ്പളത്തിൽ ശ്രീറാം നിയമനം നടത്തി.ഇതോടൊപ്പം ഡയറക്ടർ ബോർഡ് അറിയാതെ തന്റെ പേഴ്സണൽ അസിസ്റ്റന്റിനു 13,000 രൂപ ശമ്പളവും വർധിപ്പിച്ചു നൽകിയെന്നതിന്റെ രേഖകളാണ് ട്വിന്റിഫോർ ന്യൂസ് പുറത്ത് വിട്ടത്. പ്രകടനം വിലയിരുത്തിയാകണം ശമ്പള വർധനവെന്ന ചട്ടം നിലനിൽക്കെയാണ് ഡയറക്ടർ ബോർഡ് അറിയാതെ തന്റെ പേഴ്സണൽ അസിസ്റ്റന്റിനു 13,000 രൂപ ശമ്പളം വർധിപ്പിച്ചത്.കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർക്ക് സർക്കാർ നിശ്ചയിച്ച ശമ്പളം പ്രതിമാസം എഴുപതിനായിരം രൂപയാണ്. എന്നാൽ പുതിയതായി 2018 ഫെബ്രുവരിയിൽ നിയമിച്ച ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർക്ക് ശ്രീറാംവെങ്കിട്ടരാമൻ ശമ്പളമായി നൽകിയത് 1,30,000 രൂപയായിരുന്നു. അതുമാത്രമല്ല കാറും മൊബൈൽ ഫോണും അനുവദിച്ചു. ഇതു നിയമനപരസ്യത്തിനു വിരുദ്ധമാണെന്ന് അക്കാദമിയുടെ രേഖകൾ വ്യക്തമാക്കുന്നു.സ്വന്തം പിഎ ആയിരുന്ന ജിജിമോന് ഡയറക്ടർ ബോർഡ് അറിയാതെ മാനേജിംഗ് ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ 13,000 രൂപ ശമ്പളവർധന നൽകിയത് ശ്രീറാം ഏകപക്ഷീയമായി ചെയ്തതാണെന്ന് ഡയറക്ടർ ബോർഡിന്റെ മിനിറ്റ്സ് വ്യക്തമാക്കുന്നുവെന്ന് ട്വന്റിഫോർ ന്യൂസ് വ്യക്തമാക്കുന്നു.സ്വന്തമായി തീരുമാനിച്ചശേഷം അംഗീകാരം നൽകാനായി ഇതു ഡയറക്ടർ ബോർഡിൽ അവതരിപ്പിക്കുകയായിരുന്നു. എന്നാൽ ശമ്പള വർധനവ് അംഗീകരിക്കാൻ ബോർഡ് തയ്യാറായില്ല. തുടർന്ന് എംഡിയുടെ സമ്മർദഫലമായി സ്പെഷ്യൽ അലവൻസായി ഇതു അംഗീകരിച്ചതായി രേഖകൾ തെളിയിക്കുന്നു.മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തി എന്ന കേസിൽ പ്രതിസന്ധി നേരിടുമ്പോഴാണ് ശ്രീറാമിനെതിരെ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വരുന്നത്.