ബംഗളുരു: ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിനെ ബിനാമിയാക്കി ബിനീഷ് കോടിയേരി നിരവധി ബിസിനസ്സുകള്‍ ചെയ്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അനൂപ് മുഹമ്മദിന്റെ ലഹരിമരുന്ന് ഇപാടുകള്‍ ബിനീഷ് കോടിയേരിക്ക് അറിയില്ലെന്ന് പറയുന്നത് വിശ്വാസയോഗ്യമല്ല. അനൂപിനെ കേരളത്തിലിരുന്നു കൊണ്ട് നിയന്ത്രിച്ചിരുന്നത് ബിനീഷ് കോടിയേരിയാണെന്നും ഇ.ഡി പറയുന്നു.അനൂപും ബിനീഷും തമ്മില്‍ വളരെ അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത്. അനൂപും ബിനീഷും നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അറസ്റ്റിന് മുൻപ് അനൂപ് ബിനീഷുമായി സംസാരിച്ചിരുന്നു. ബിനീഷ് സ്ഥിരമായി ബംഗളുരുവില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ബംഗളുരുവില്‍ അനൂപിനെ നിയന്ത്രിച്ചിരുന്നത് ബിനീഷായിരുന്നു. സിനിമ-രാഷ്ട്രീയ മേഖലയില്‍ വന്‍ സ്വാധീനമുളളയാളാണ് ബിനീഷ്. വലിയ തോതില്‍ പണം കൈമാറിയിട്ടുണ്ട്. അനൂപിന് പണം വന്ന അക്കൗണ്ടുകളെല്ലാം ബിനീഷിന് നേരത്തേ അറിയാവുന്നവരുടേതാണെന്നും ഇ.ഡി.പറഞ്ഞു.വിവിധ അക്കൗണ്ടുകളില്‍ നിന്നായി നിരവധി തവണ അനൂപിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളില്‍ പലതും ഇപ്പോള്‍ നിര്‍ജീവമാണ്.ഈ സാഹചര്യത്തില്‍ അനൂപ് മുഹമ്മദിനെ ഒപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി.കോടതിയില്‍ പറഞ്ഞു.കളളപ്പണം വെളുപ്പിക്കല്‍ നിരോധിത നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്.അനൂപിന്റെ അക്കൗണ്ടിലേക്കെത്തിയ പണത്തെ കുറിച്ചും ബംഗളൂരുവില്‍ ബിനീഷ് തുടങ്ങിയ കമ്പനികളെ കുറിച്ചും അന്വേഷണ സംഘം ചോദിച്ചറിയും. അതേസമയം മയക്കു മരുന്ന് ഇടപാടില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും കേസെടുക്കും.