
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ദിലീപിനെതിരെ നടൻ അനൂപ് ചന്ദ്രൻ മൊഴി നൽകി.പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെയാണ് അനൂപ് ചന്ദ്രൻ മൊഴി നൽകിയത്.നാല്പത്തിയേഴോളം സിനിമകളിൽ ദിലീപ് തനിക്ക് അവസരം നിഷേധിച്ചുവെന്നും മിമിക്രിക്കാർക്കെതിരെ സംസാരിച്ചതിനായിരുന്നു പ്രതികാര നടപടിയെന്നും അനൂപ് ചന്ദ്രന്റെ മൊഴിയിലുണ്ട്.ആലുവ റൂറൽ എസ്.പി എ.വി ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനൂപ് ചന്ദ്രന്റെ മൊഴിയെടുത്തത്.നടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ദിലീപിന് ബന്ധമുണ്ടോ എന്നറിയില്ലെന്നും എന്നാൽ ദിലീപ് തന്നോട് പ്രതികാര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അനൂപ് പറഞ്ഞു.ദിലീപ് നായകനായ മോസ് ആൻഡ് ക്യാറ്റ് എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ദിലീപ് തന്നെ ഭീഷണിപ്പെടുത്തിയെന്നും ഈ സംഭവത്തിന് ശേഷം തനിക്ക് നിരവധി അവസരങ്ങൾ നഷ്ടമായി എന്നും അനൂപ് ചന്ദ്രൻ മൊഴി നൽകിയിട്ടുണ്ട്.