തിരുവനന്തപുരം : വലയ സൂര്യഗ്രഹണം നാളെ നടക്കും. വ്യാഴാഴ്ച രാവിലെ എട്ടു മണി മുതല്‍ 11 മണി വരെയാണ് സൂര്യഗ്രഹണം ദൃശ്യമാകുക. കേരളത്തില്‍ ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണമാണ് ദൃശ്യമാകുന്നത്. സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് കേരള ശാസ്ത്ര സാങ്കേതിക വകുപ്പ് നടത്തിയിരിക്കുന്നത്. കാസര്‍കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ എല്ലായിടത്തും വലയ സൂര്യഗ്രഹണം ദൃശ്യമാകും.തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഭാഗികമായേ കാണാന്‍ സാധിക്കൂ. ഗ്രഹണം കൂടുതല്‍ ദൃശ്യമാകുന്ന വയനാടും കാസര്‍കോടുമെല്ലാം വിപുലമായ ഒരുക്കങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെയും കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്.കോഴിക്കോട് ജില്ലയില്‍ പ്ലാനറ്റേറിയം, ഗുരുവായൂരപ്പന്‍ കോളജ് ഗ്രൌണ്ട് എന്നിവിടങ്ങളിലാണ് ഗ്രഹണം കാണാന്‍ സൗകര്യ മേര്‍പ്പെടുത്തി യിരിക്കുന്നത്. നേരിട്ടോ, എക്സറേ ഷീറ്റ് ഉപയോഗിച്ചോ സൂര്യനെ നോക്കരുത്. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ നേര്‍രേഖപാതയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കും.അതായത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കും.ഇതാണ് സൂര്യഗ്രഹണം.ഭൂമിയില്‍ നിന്ന് ചന്ദ്രന്‍ കൂടുതല്‍ അകന്ന് നില്‍ക്കുന്ന സമയമാണെങ്കില്‍ ചന്ദ്രനും സൂര്യനും നേര്‍രേഖയില്‍ വന്നാലും സൂര്യബിംബം പൂര്‍ണമായി മറക്കപ്പെടില്ല.ഇതാണ് വലയ സൂര്യഗ്രഹണം. സൂര്യപ്രകാശം മൂലമുള്ള ചന്ദ്രന്‍റെ നിഴൽ പതിക്കുന്ന മേഖലകളിലും അതിന് ചുറ്റുമുള്ള കുറച്ച് പ്രദേശങ്ങളിലും മാത്രമാണ് ഗ്രഹണം കാണാന്‍ കഴിയുക.