ന്യൂഡല്‍ഹി:രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ) ഇന്ന് അറിയിക്കും. രാവിലെ 11 മണിയ്ക്ക് ഡിസിജിഐ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീല്‍ഡിനും തദ്ദേശീയമായി വികസിപ്പിക്കുന്ന ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കണമെന്നാണ് വിദഗ്ധ സമിതി ഡിസിജിഐയ്ക്ക് ശുപാര്‍ശ നല്‍കിയത്. ആദ്യം കൊവിഷീല്‍ഡ് മാത്രമാണ് ശുപാര്‍ശ ചെയ്യപ്പെട്ടത്. തൊട്ടുപിന്നാലെയാണ് കഴിഞ്ഞ ദിവസം കൊവാക്‌സിനും അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയത്.ബ്രിട്ടനില്‍ നിന്നുള്ള കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് രണ്ട് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കുന്നത്.കൊവാക്‌സിന്റെ 10 മില്യണ്‍ ഡോസുകള്‍ ഇതിനോടകം തയ്യാറായി കഴിഞ്ഞെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.പ്രതിവര്‍ഷം 300 മില്യണ്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാനാണ് തീരുമാനം. ഇതില്‍ 100 മില്യണ്‍ ഡോസുകള്‍ ഇന്ത്യയില്‍ തന്നെ വിതരണം ചെയ്യും. കൊവിഷീല്‍ഡ് വാക്‌സിന്റെ അഞ്ച് കോടി ഡോസുകളാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയിരിക്കുന്നത്.