Kerala, News

അഞ്ചൽ കൊലപാതകം;ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജിന്‍റെ കുറ്റസമ്മതമൊഴി

keralanews anjal murder soorajs confession that utras family filed for divorce is the reason for murder

കൊല്ലം:അഞ്ചലിൽ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് ഭാര്യയെ കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ സൂരജിന്റെ കുറ്റസമ്മതമൊഴി പുറത്ത്.ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജ് വെളിപ്പെടുത്തി.ഉത്രയെ കുടുംബം അഞ്ചലിലെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. ഈ വൈരാഗ്യത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സൂരജ് പറഞ്ഞു.വിവാഹമോചനം ഉണ്ടായാല്‍ സ്വര്‍ണവും പണവും കാറും തിരികെ നല്‍കേണ്ടി വരുമെന്നും സൂരജ് ഭയന്നിരുന്നു.അതിനിടെ ഇന്ന് സൂരജിനെ അടൂര്‍ പറക്കോട്ടുള്ള വീട്ടിലെത്തിച്ച്‌ തെളിവെടുക്കും. ഉത്രക്ക് ആദ്യം പാമ്പുകടിയേറ്റ സൂരജിന്റെ വീട്ടിലും പാമ്പിനെ കൈമാറിയ എനാത്തും ഇന്നുതന്നെ പ്രതികളെയെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. യുവതിയുടെ അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് അന്വേഷണസംഘം. മാര്‍ച്ച്‌ രണ്ടിന് അടൂരിലെ ഭര്‍തൃവീട്ടില്‍ വെച്ച്‌ അണലി വര്‍ഗ്ഗത്തില്‍ പെട്ട പാമ്ബിനെക്കൊണ്ടായിരുന്നു സൂരജ് ഉത്രയെ ആദ്യം കടിപ്പിച്ചത്. 10000 രൂപക്ക് രണ്ടാംപ്രതി സുരേഷിന്‍റെ പക്കല്‍ നിന്നും വാങ്ങിയ പാമ്പിനെ കൊലപാതക ശ്രമത്തിന് ശേഷം എന്തുചെയ്തു എന്ന് പരിശോധിക്കുന്നതിനാണ് സൂരജിന്റെ വീട്ടിലെ തെളിവെടുപ്പ്. കൊലപാതകത്തിനുപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ 7000 രൂപക്ക് വാങ്ങിയത് പത്തനംതിട്ട ഏനാത്ത് വെച്ചായിരുന്നു. രണ്ടുപ്രതികളെയും ഇന്ന് ഈ സ്ഥലത്തും എത്തിക്കും.അതേസമയം ഉത്രയുടെ അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ല. ഈ റിപ്പോര്‍ട്ടിലാകും മരണത്തിലെ സൂക്ഷ്മവിവരങ്ങള്‍ ഉണ്ടാവുക. കൊലക്കുപയോഗിച്ച മൂര്‍ഖന്‍ പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം നടത്തി സാമ്പിളുകൾ ഇന്നലെ പരിശോധനക്ക് അയച്ചിരുന്നു. ഈ ഫലവും ഉത്രയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും തമ്മില്‍ ബന്ധപ്പെടുത്തിയാല്‍ മാത്രമേ പ്രതികള്‍ക്കെതിരായ തെളിവുകള്‍ ശക്തമാക്കാനാവുകയുള്ളൂ.ഇതിനായി ഉത്രയുടെ അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് അന്വേഷണസംഘം.പാമ്പിന്റെ ഡിഎന്‍എ പരിശോധനയും നിര്‍ണായകമാണ്.

Previous ArticleNext Article