കൊല്ലം:അഞ്ചൽ കൊലപാതകക്കേസിൽ അറസ്റ്റിലായ സൂരജ് ഉത്രയെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാൻ ലക്ഷ്യമിട്ടിരുന്നതായി സൂചന.ഉത്രയുടെ പേരില്‍ സൂരജ് വന്‍ തുകയുടെ എല്‍ ഐ സി പോളിസി എടുത്തിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഉത്രയുടെ കൊലപാതകം സൂരജ് നേരത്തെ ആസൂത്രണം ചെയ്തിരുന്നുവെന്നും ഇതില്‍ ഗൂഢാലോചന നടന്നെന്ന് തെളിയിക്കുന്നതുമാണ് ഈ തെളിവുകള്‍ എന്നും പോലീസ് പറയുന്നു.ഉത്രയുടെ പേരില്‍ എടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ നോമിനി സൂരജായിരുന്നു.ഒരു വര്‍ഷം മുന്‍പാണ് പോളിസി എടുത്തത്.എല്‍ഐസി പോളിസികളെ കുറിച്ച് വിശദമായി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.ഉത്രയുടെ സ്വര്‍ണം നേരത്തെ ലോക്കറില്‍ നിന്ന് സൂരജ് പുറത്തെടുത്തിരുന്നു.ഇത് എന്ത് ചെയ്തെന്ന് അറിയില്ലെന്ന് ഉത്രയുടെ മാതാപിതാക്കള്‍ പറയുകയുണ്ടായി.പിന്നാലെയാണ് ഇന്‍ഷുറന്‍സ് സംബന്ധിച്ച വിവരം അന്വേഷസംഘത്തിന് ലഭിച്ചത്.ഉത്രയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ചും വ്യക്തമാക്കി. അടൂരിലെ മരുന്നുകടയില്‍ നിന്ന് വാങ്ങിയ ഉറക്ക ഗുളികയുടെ ശേഷിച്ച സ്ട്രിപ് സൂരജിന്റെ കയ്യില്‍ നിന്ന് കണ്ടെടുത്തു. പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുന്‍പായി ഉത്രയ്ക്ക് ഉറക്കഗുളികകള്‍ സൂരജ് നല്‍കിയിരുന്നു.അതേസമയം സൂരജിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.പുനലൂര്‍ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കസ്റ്റഡി കാലാവധി നീട്ടണമെന്ന് പൊലീസ് ആവശ്യപ്പെടും.സൂരജിന്‍റെ മാതാപിതാക്കളെയും ചോദ്യംചെയ്തേക്കും.