തിരുവനന്തപുരം: ജനുവരി മൂന്ന് മുതൽ സംസ്ഥാനത്ത് അങ്കണവാടികൾ തുറക്കുമെന്ന് സംസ്ഥാന വനിത-ശിശു ക്ഷേമ വകുപ്പ് അറിയിച്ചു. ഇതിനായി ‘കുരുന്നുകൾ അങ്കണവാടികളിലേയ്ക്ക്’ എന്ന പേരിൽ പ്രത്യേക മാർഗനിർദ്ദേശങ്ങൾ വകുപ്പ് പുറത്തിറക്കി. ശനിയാഴ്ചകളും പ്രവൃത്തി ദിനമായിരിക്കുമെന്നും വകുപ്പ് അറിയിച്ചു.രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയായിരിക്കും പ്രവർത്തന സമയം.1.5 മീറ്റർ അകലം പാലിച്ച് കുട്ടികളെ ഇരുത്താൻ അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രക്ഷാകർത്തക്കൾ അങ്കണവാടിയിൽ പ്രവേശിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.ഘട്ടം ഘട്ടമായാണ് അങ്കണവാടികൾ തുറക്കുന്നത്. ആദ്യ ഘട്ടത്തിൽ ഭിന്നശേഷി കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. 15 കുട്ടികളുള്ള അങ്കണവാടികളിൽ രക്ഷകർത്താക്കളുടെ അഭിപ്രായം പരിഗണിച്ച് ബാച്ചുകളായി തിരിച്ചായിരിക്കും പ്രവർത്തനം. ജീവനക്കാരും, കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം എന്നും വനിത-ശിശുക്ഷേമ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.