Kerala, News

സ്വർണ്ണക്കടത്ത് കേസിൽ ഒരു എംഎൽഎ ക്കും പങ്കെന്ന് കസ്റ്റംസിന്റെ രഹസ്യ റിപ്പോർട്ട്

keralanews an mla also has role in gold smuggling case says customs report

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ പ്രമുഖനായ എംഎല്‍എയ്ക്കും പങ്കുണ്ടെന്ന് കസ്റ്റംസിന്റെ രഹസ്യ റിപ്പോര്‍ട്ട് പുറത്ത്. കേസിലെ പ്രധാന പ്രതി സന്ദീപിന്‍റെ ഭാര്യയാണ് എം.എല്‍.എയുടെ പങ്കിനെ പറ്റി കസ്റ്റംസിന് മൊഴി നല്‍കിയത്. സന്ദീപും റമീസും സ്വര്‍ണം കടത്തിയത് എംഎല്‍എക്ക് വേണ്ടിയാണെന്നും മൊഴിയിലുണ്ട്.ഇതേ എം.എല്‍.എക്ക് പങ്കാളിത്തമുള്ള കള്ളക്കടത്തു സംഘത്തിലെ മുഖ്യകണ്ണിയാണ് സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരനായ കെ.ടി റമീസ് എന്നും റിപ്പോര്‍ട്ടില്‍ കസ്റ്റംസ് വെളിപ്പെടുത്തുന്നു.കേസിലെ മുഖ്യപ്രതികളായ സന്ദീപ് നായര്‍ക്കും സ്വപ്ന സുരേഷിനുമെതിനെതിരെ ‘കോഫെപോസ’ ചുമത്താനുള്ള പ്രത്യേക അപേക്ഷയ്ക്കൊപ്പം കേന്ദ്ര ധനമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എംഎല്‍എയുടെ പേര് പരാമര്‍ശിക്കുന്നത്. സ്വര്‍ണ്ണക്കടത്തിന്റെ പദ്ധതിയും ആസൂത്രണവും സംബന്ധിച്ച്‌ പ്രതികള്‍ തമ്മില്‍ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളിലും എംഎല്‍എയുടെ പേര് പറയുന്നുണ്ട്.അതേസമയം, നിലവില്‍, കേസിലെ പ്രതിയായോ സാക്ഷിയായോ എംഎല്‍എയെ ഉള്‍പ്പെടുത്തിയിട്ടില്ല. സ്വപ്നയും ഇയാളും തമ്മില്‍ നേരിട്ട് ബന്ധപ്പെട്ടിട്ടും ഇല്ല. ഇരുവര്‍ക്കുമിടയിലെ ആശയവിനിമയത്തിന്റെ കണ്ണി റമീസായിരുന്നു എന്നാണ് കസ്റ്റംസ് പറയുന്നത്.എംഎല്‍എയുടെ പങ്ക് വെളിപ്പെടുത്താന്‍ റമീസ് ഇതുവരെ തയാറായിട്ടുമില്ല.സ്വര്‍ണം അടങ്ങിയ നയതന്ത്ര പാഴ്സല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞുവച്ച വിവരം പുറത്തുവന്നതിന്റെ പിറ്റേന്ന് (ജൂലൈ 2) റമീസ് തന്റെ മൊബൈല്‍ ഫോണുകളിലൊന്നു നശിപ്പിച്ചുകളഞ്ഞതായി അന്വേഷണസംഘം പറയുകയുണ്ടായി. ഈ ഫോണിലേക്കാണു ബെംഗളൂരു ലഹരിമരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദും ബന്ധപ്പെട്ടിരുന്നത്. ഇതിലെ സിം കാര്‍ഡ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തമിഴ്നാട് സ്വദേശിയുടെ പേരിലാണ്.

Previous ArticleNext Article