തിരുവനനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ സുപ്രിം കോടതി വിധിച്ച 50 ലക്ഷം രൂപ നഷ്ടപരിഹാരം ഐഎസ്‌ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൈമാറും. ഉച്ചയ്ക്ക് ശേഷം മൂന്നിന് സെക്രട്ടറിയറ്റിലെ ദര്‍ബാര്‍ ഹാളിലാണ് തുക കൈമാറുന്നത്. നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ സെപ്‌തംബര്‍ 14നാണ് സുപ്രീംകോടതി ഉത്തരവായത്. ചാരക്കേസില്‍ നമ്പി നാരായണനെ അനാവശ്യമായി പ്രതിചേര്‍ത്തതാണെന്നും നമ്പി നാരായണന്‍ അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് നഷ്‌ടപരിഹാരം അനുവദിക്കേണ്ടത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കുറ്റക്കാരായ ഉദ്യോഗസ്‌ഥരെ കണ്ടെത്താന്‍ സുപ്രീംകോടതി മുന്‍ ജഡ്‌ജി ഡി കെ ജെയിന്‍ അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയേയും സുപ്രീംകോടതി നിയോഗിച്ചിട്ടുണ്ട്. കേസില്‍ അനാവശ്യമായി കുടുക്കിയെന്നും മുന്‍ ഡിജിപി സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്‌ഥരായിരുന്ന കെ കെ ജോഷ്വാ,എസ് വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും നമ്പി നാരായണ്‍ നല്‍കിയ കേസിലായിരുന്നു നിർണായകമായ സുപ്രീം കോടതി വിധി.