ന്യൂഡല്‍ഹി: ഉംപുന്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്നും അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ഇത് അതിതീവ്ര ചുഴലിക്കൊടുങ്കാറ്റാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ചയോടെ ഇന്ത്യന്‍ തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്. ഒഡീഷ, പശ്ചിമ ബംഗാള്‍ തീരങ്ങളില്‍ ശക്തിയായ മഴയും കാറ്റുമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.മണിക്കൂറില്‍ 200 കി.മി വേഗതയുള്ള കാറ്റിനും രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ കപ്പല്‍, ബോട്ട്, വള്ളം എന്നിവ ഇറക്കുന്നത് നിരോധിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തിലും പരക്കെ മഴ ലഭിക്കും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലും ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കനത്ത മഴയും കാറ്റുമുണ്ടാകും. ഒഡീഷയിലെ പാരാദ്വീപിന് 870 കിലോമീറ്റര്‍ തെക്കും പശ്ചിമ ബംഗാളിന്റെ ദിഖയുടെ 1110 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ഇപ്പോള്‍ ചുഴലിക്കാറ്റുള്ളത്. ഉത്തര ഒഡീഷയിലും ബംഗാളിലെ 24 പര്‍ഗാനാസ്, കൊല്‍ക്കത്ത ജില്ലകള്‍ ഉള്‍പ്പെടെയുള്ള തീരദേശ മേഖലകളിലും നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്കി.ബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് 11 ലക്ഷം പേരെ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് അറിയിപ്പ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി സേനയെ വിന്യസിച്ചു. ദേശീയ ദുരന്ത നിവാരണ സേന 10 ടീമുകളെ ഒഡീഷയിലേക്കും 7 ടീമുകളെ പശ്ചിമ ബംഗാളിലേക്കും അയച്ചു.ഒഡീഷയിലെ വടക്കന്‍ തീരദേശ മേഖലകളിലാണ് ഉംപുന്‍ ഏറെ നാശംവിതയ്ക്കുക എന്നാണ് നിഗമനം.ഒഡിഷയില്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകസംഘത്തെ നിയോഗിച്ചാണ് രക്ഷാദൗത്യത്തിനും മുന്നൊരുക്കങ്ങള്‍ക്കും മുഖ്യമന്ത്രി നവീന്‍ പട്നായിക് നേതൃത്വം നല്‍കുന്നത്. ”ഈ വര്‍ഷം കൊറോണവൈറസിന്റെ ഭീഷണി കൂടി നിലനില്‍ക്കുന്നതിനാല്‍ ആളുകളെ ഒരുകാരണവശാലും കൂട്ടത്തോടെ പാര്‍പ്പിക്കാനാകില്ല. സാമൂഹിക അകലം പാലിച്ച് ആളുകളെ താമസിപ്പിക്കാനാകുന്ന തരത്തില്‍ വലിയ താത്കാലിക രക്ഷാകേന്ദ്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. മിക്കവയും സ്കൂള്‍, കോളേജ് കെട്ടിടങ്ങളാണ്”, എന്ന് ഒഡിഷയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സ്പെഷ്യല്‍ ഓഫീസര്‍ പ്രദീപ് ജെന അറിയിച്ചു. ഉംപുന്‍ ചുഴലിക്കാറ്റ് തീരത്തോട് അടുത്തതോടെ തമിഴ്നാട്ടിലും വിവിധയിടങ്ങളില്‍ ശക്തമായ കാറ്റ് ഉണ്ടായി.രാമേശ്വരത്ത് 50 മത്സ്യബന്ധന ബോട്ടുകള്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് തകര്‍ന്നു.