കണ്ണൂർ:ഉത്സവാന്തരീക്ഷത്തിൽ ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ‘മാരാർജി ഭവൻ’ ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൽഘാടനം ചെയ്തു.രാവിലെ 11 മണിയോടെ പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ അമിത് ഷാ അവിടെ നിന്നും കാർ മാർഗം 12.25 ന് തളിക്കാവിലെ മാരാർജി ഭവനിലെത്തി.ഇവിടെ സംസ്ഥാന നേതാക്കൾ അദ്ദേഹത്തെ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു.കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരായ അണ്ടല്ലൂരിലെ സന്തോഷിന്റെ മകൾ വിസ്മയയും പയ്യന്നൂരിലെ രാമചന്ദ്രന്റെ മകൾ ദേവാംഗനയും ചേർന്ന് അമിത് ഷായ്ക്ക് തിലകം ചാർത്തി.തുടർന്ന് പഞ്ചവാദ്യത്തിന്റെയും തായമ്പകയുടെയും അകമ്പടിയോടെ മാരാർജി ഭവാനിലെത്തിയ അദ്ദേഹം വരാന്തയിൽ തയ്യാറാക്കിയ കൂറ്റൻ നിലവിളക്കിൽ തിരിതെളിയിച്ച് ഉൽഘാടനം നിർവഹിച്ചു.പിന്നീട് അടച്ചിട്ട ഓഫീസ് മുറിയിൽ പ്രധാന നേതാക്കളുമായി 15 മിനിറ്റ് ചർച്ച നടത്തി.തുടർന്ന് ഓഫീസിൽ നിന്നും പുറത്തിറങ്ങിയ അദ്ദേഹം ഓഫീസിന്റെ വലതുഭാഗത്തായി വെങ്കലത്തിൽ നിർമിച്ച ബലിദാനി സ്മൃതികുടീരം അനാച്ഛാദനം ചെയ്തു.സ്മൃതിമണ്ഡപത്തോടു ചേർന്നുള്ള കൊടിമരത്തിൽ പാർട്ടി പതാക ഉയർത്തുകയും ചെയ്തു.തുടർന്ന് ബുള്ളറ്റ് പ്രൂഫ് കാറിൽ സമ്മേളനം നടക്കുന്ന താളിക്കാവ് മൈതാനത്തേക്ക് പോയി.പൊതുയോഗത്തിനു ശേഷം വേദിവിട്ടിറങ്ങിയ അമിത് ഷാ ബലിദാനികളുടെ കുടുംബത്തോടും ബിജെപി നേതാക്കളോടും സംസാരിച്ചു.ഇതിനിടെ കണ്ണൂരിലെ കൃഷ്ണ ജ്വൽസ് ഡയറക്ടർ സി.വി രവീന്ദ്രനാഥ് ശ്രീചക്രയുടെ മൊമെന്റോ അമിത് ഷായ്ക്ക് സമ്മാനിച്ചു.സ്മൃതി മണ്ഡപം രൂപകൽപ്പന ചെയ്ത ശില്പി പ്രശാന്ത് ചെറുതാഴം കതിവന്നൂർ വീരന്റെ മാതൃകയിലുള്ള വെങ്കല പ്രതിമ അമിത ഷായ്ക്ക് കൈമാറി.ബിജെപി ജില്ലാ കമ്മിറ്റിയും അദ്ദേഹത്തിന് ഉപഹാരം സമ്മാനിച്ചു.ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എ ശ്രീധരൻ പിള്ള,സി.കെ പദ്മനാഭൻ ,എ.എൻ രാധാകൃഷ്ണൻ,ശോഭ സുരേന്ദ്രൻ,കെ.സുരേന്ദൻ,എം.സി രമേശ്,പി.സി മോഹനൻ,കെ.പി ശ്രീശൻ,വി.കെ സജീവൻ,ആർഎസ്എസ് നേതാക്കളായ കെ.കെ ബൽറാം,വത്സൻ തില്ലങ്കേരി,വി.കെ ശശിധരൻ,എ.വി ശ്രീധരൻ എന്നിവർ ജില്ലാ കമ്മിറ്റി ഓഫീസിൽ അമിത്ഷായെ സ്വീകരിച്ചു.