തിരുവനന്തപുരം:കേരളത്തിലെ പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിലെ വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്.മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഡാമുകള്‍ തുറന്നത്. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതാണോ കാരണമെന്ന് പരിശോധിക്കണം. പ്രളയത്തിന്റെ കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അമിക്കസ് ക്യൂറി ജേക്കബ് പി അലക്സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളം നേരിട്ട മഹാപ്രളയത്തിന്റെ കാരണം കണ്ടെത്താന്‍ ഉന്നതതല സാങ്കേതിക സമിതിക്ക് രൂപം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി അമികസ് ക്യൂറിയെ നിയമിച്ചത്. ദുരന്തങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പഠനം നടത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരേയും ഡാം മാനേജ്മെന്റ് വിദഗ്ധരെയും സാങ്കേതിക കാലാവസ്ഥ വിദഗ്ധരേയും ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കണം. ഈ സമതി കേരളത്തിലെ ഡാമുകള്‍ മുന്നറിയിപ്പിലാതെ പെട്ടെന്ന് തുറന്നതാണോയെന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ചെളി അടിഞ്ഞുകിടന്നിടത്ത് വെള്ളം അധികമൊഴുകിയെത്തിയതോടെ പല ഡാമുകളും വേഗത്തില്‍ നിറയാന്‍ കാരണമായി. ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തില്ല. കനത്തമഴയെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ വേണ്ടവിധം കൈക്കൊണ്ടില്ലെന്നും 49 പേജുകളുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2018 ജൂണ്‍ മുതല്‍ ആഗസ്റ്റ് 19 വരെ ദേശീയ കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തില്‍ നിന്നടക്കം പലതരം മുന്നറിയിപ്പുകള്‍ വന്നിരുന്നെങ്കിലും റിപ്പോര്‍ട്ടുകള്‍ കൃത്യമായി പരിഗണിക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.