വാഷിംഗ്‌ടൺ:അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക്.പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ അമേരിക്കന്‍ ജനത ഇന്ന് വിധിയെഴുതും.ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് നാളെ രാവിലെയോടെ അൻപത് സംസ്ഥാനങ്ങളിലും പൂര്‍ത്തിയാകും. നാളെ രാവിലെ മുതല്‍ ഫല സൂചനകള്‍ ലഭ്യമാകും. ഔദ്യോഗിക ഫല പ്രഖ്യാപനം ജനുവരി ആറിനാണ്.538 ഇലക്റ്ററല്‍ വോട്ടര്‍മാരെ അൻപത് സംസ്ഥാനങ്ങളും ഫെഡറല്‍ ഡിസ്ട്രിക്റ്റായ കൊളംബിയയും ചേര്‍ന്ന് തെരഞ്ഞെടുക്കും. ഇതില്‍ 270 പേരുടെ പിന്തുണ നേടുന്നയാള്‍ അടുത്ത അമേരിയ്ക്കന്‍ പ്രസിഡന്റാകും. ആകെയുള്ള 24 കോടി വോട്ടര്‍മാരില്‍ പത്തു കോടി പേര്‍ തപാലില്‍ വോട്ടു ചെയ്തു കഴിഞ്ഞു. ഇന്ന് കുറഞ്ഞത് ആറ് കോടിയാളുകള്‍ എങ്കിലും വോട്ടു ചെയ്യുമെന്നാണ് പ്രവചനങ്ങള്‍. അങ്ങനെയെങ്കില്‍ അമേരിക്കയുടെ നൂറു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാകും അത്.വെര്‍മോണ്‍ഡ് സംസ്ഥാനമാണ് ആദ്യം പോളിംഗ് ബൂത്തിലെത്തുന്നത്. ഇന്ത്യന്‍ സമയം ഇന്ന് ഉച്ച കഴിഞ്ഞു മൂന്നരയ്ക്ക് അവിടെ പോളിംഗ് തുടങ്ങും.അലാസ്കയിലും ഹവായിയിലും പോളിംഗ് തീരാന്‍ ഇന്ത്യന്‍ സമയം നാളെ രാവിലെ പത്തരയാകും. ചില സംസ്ഥാനങ്ങള്‍ ഈ മാസം പതിമൂന്നു വരെ തപാല്‍ വോട്ടുകള്‍ സ്വീകരിക്കും.ഇതൊക്കെയാന്നെക്കിലും എല്ലാം പ്രതീക്ഷിച്ചതുപോലെ നീങ്ങിയാല്‍ അടുത്ത പ്രസിഡണ്ട് ട്രമ്പോ ബൈഡനോ എന്ന സൂചനകള്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചയോടെ ലഭിച്ചു തുടങ്ങും. അതുവരെയുള്ള ഫല സൂചനകള്‍ വച്ചുകൊണ്ട് ആരാകും വിജയിയെന്ന കൃത്യമായ പ്രൊജക്ഷന്‍ അമേരിക്കൻ മാധ്യമങ്ങള്‍ പുറത്തുവിടും.