Kerala, News

മോട്ടോർവാഹന ചട്ടത്തിൽ ഭേദഗതി വരുത്തുന്നു; മുൻസീറ്റിൽ കുട്ടികളെ ഇരുത്തി യാത്ര ചെയ്യുന്നതിന് കർശന വിലക്കേർപ്പെടുത്തും

keralanews amendments to the motor vehicle rule and will ban children sit in the front seat

തിരുവനന്തപുരം:മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി സര്‍ക്കാര്‍.ഇതിന്റെ ഭാഗമായി കാറുകളില്‍ കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തും. സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ഇതിനാവശ്യമായ ചട്ടങ്ങള്‍ക്ക് രൂപം നല്‍കുന്നതുള്‍പ്പെടെയുളള നടപടികളാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധിക്കുന്നത്.വാഹനാപകടത്തില്‍ പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മകള്‍ മരിച്ച പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി കൂടുതല്‍ മുന്‍ഗണന നല്‍കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നതിനെ തുടര്‍ന്നാണ് കുട്ടികളുടെ സുരക്ഷയ്ക്കായി ശക്തമായ നടപടിക്ക് മോട്ടോര്‍ വാഹനവകുപ്പ് ഒരുങ്ങുന്നതെന്നാണ് സൂചന. കുട്ടികളെ പിന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുകയാണ് നടപടിയുടെ മുഖ്യലക്ഷ്യം.തിരുവനന്തപുരത്ത് നടന്ന വാഹനാപകടത്തില്‍ ഇടിയുടെ ആഘാതത്തില്‍ യാത്രക്കാരുടെ സംരക്ഷണത്തിനായി സജ്ജീകരിച്ചിരിക്കുന്ന എയര്‍ബാഗ് തുറന്നുവന്നിരുന്നു. ഇതില്‍ ഞെരുങ്ങി ശ്വാസംമുട്ടിയാണ് ബാലഭാസ്‌കറിന്റെ മകള്‍ മരിച്ചതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഈ പശ്ചാത്തലത്തിലാണ് കുട്ടികളുടെ സുരക്ഷയ്ക്കായി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ഉയര്‍ന്നുവന്നത്.13 വയസില്‍ താഴെയുളള കുട്ടികളെ പിന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യണം എന്നത് ഉള്‍പ്പെടെയുളള മാര്‍ഗനിര്‍ദേശങ്ങളാണ് മോട്ടോര്‍വാഹനവകുപ്പ് മുന്നോട്ടുവെയ്ക്കുന്നത്. ഇങ്ങനെ ചെയ്താല്‍ പരിക്കേല്‍ക്കാനുളള സാധ്യത 33 ശതമാനം കുറയ്ക്കാന്‍ സാധിക്കും. നാലുവയസുമുതല്‍ എട്ടുവയസുവരെയുളള കുട്ടികള്‍ക്കായി വാഹനത്തില്‍ ബൂസ്റ്റര്‍ സീറ്റ് ഘടിപ്പിക്കണം. ഇത് പരിക്കേല്‍ക്കാനുളള സാധ്യത 59 ശതമാനം കുറയ്ക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

Previous ArticleNext Article