Kerala, News

അമ്പൂരി കൊലപാതകക്കേസ്;മുഖ്യപ്രതി അഖിലിനെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും

keralanews amboori murder case main accused akhil will be taken to the spot for evidence collection

തിരുവനന്തപുരം:അമ്പൂരിൽ രാഖി എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി അഖിലിനെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.അഖില്‍ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.അഖിലിനും സഹോദരനും മാത്രമല്ല കൊലപാതകത്തിലും തെളിവ് നശിപ്പിക്കുന്നതിനും കുടുംബാംങ്ങള്‍ക്കും പങ്കുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പൊലീസിന് ബോധ്യമായി. ഈ സാഹചര്യത്തില്‍ അഖിലിന്റെ അച്ഛനെയും അന്വേഷണ സംഘം ഇന്ന് ചോദ്യംചെയ്‌തേക്കും.വര്‍ഷങ്ങളായി രാഖിയുമായി അടുപ്പമുണ്ടായിരുന്നു എന്നും വിവാഹിതരായിരുന്നു എന്നും അഖില്‍ സമ്മതിച്ചു. മറ്റൊരു വിവാഹത്തിന് ഒരുങ്ങിയപ്പോള്‍ രാഖി നിരന്തരമായി ആത്മഹത്യാഭീഷണി മുഴക്കി. മറ്റൊരു വിവാഹം കഴിച്ചാല്‍ സ്വര്യമായി ജീവിക്കാന്‍ സമ്മതിക്കില്ലെന്നും പൊലീസില്‍ അറിയിക്കുമെന്നും രാഖി നിലപാടെടുത്തു. ഇതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് അഖില്‍ പറഞ്ഞു.കൊലപാതകത്തില്‍ അച്ഛന് പങ്കില്ലെന്ന് പറഞ്ഞ അഖില്‍ പക്ഷെ കുഴിയെടുക്കുന്നതിനും മറ്റും അച്ഛന്‍ മണിയന്‍ സഹായിച്ചതായും വെളിപ്പെടുത്തി്. രാഖിയെ കൊല്ലും മുമ്ബെ കുഴിച്ച്‌ മൂടാനുള്ള കുഴി വീട്ടുവളപ്പില്‍ ഒരുക്കിയിരുന്നു. ഇതിന് അച്ഛന്റെ സഹായവും ഉണ്ടായിരുന്നു എന്ന് അഖില്‍ വെളിപ്പെടുത്തി. അഖിലിന്റെ അച്ഛന്‍ മണിയന്‍ വീട്ടില്‍ കുഴി വെട്ടുന്നത് കണ്ടെന്ന് നാട്ടുകാരും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ മരം വച്ച്‌ പിടിപ്പിക്കാനാണെന്ന മറുപടിയാണ് അന്ന് കിട്ടിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.അഖിലിന്റെ സഹോദരന്‍ രാഹുലിനെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കൊലപാതകം നടന്ന കാറ് തൃപ്പരപ്പില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒരുമാസം മുൻപാണ് പൂവ്വാര്‍ സ്വദേശിനിയായ രാഖിയെ കാണാതാകുന്നത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരിയിലെ അഖിലിന്റെ വീട്ടില്‍ കൊന്ന് കുഴിച്ച്‌ മൂടിയ നിലയില്‍ പൊലീസ് കണ്ടെത്തുന്നതും നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിയുന്നതും.

Previous ArticleNext Article