Kerala, News

അമ്പലവയൽ കൊലപാതകം;മുഹമ്മദിനെ കൊന്നത്​ പെണ്‍കുട്ടികളല്ലെന്ന്​ ഭാര്യ സക്കീന

keralanews ambalavayal murder it was not the girls who killed muhammad said wife sakkeena

വയനാട്:അമ്പലവയൽ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട മുഹമ്മദിന്‍റെ ഭാര്യ സക്കീന. 68കാരനായ മുഹമ്മദിനെ കൊന്നത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളല്ലെന്നും തന്‍റെ സഹോദരനാണെന്നും അവര്‍ പറഞ്ഞു.യഥാര്‍ഥ കൊലയാളികളെ രക്ഷപ്പെടുത്താന്‍ പെണ്‍കുട്ടികളെയും അവരുടെ മാതാവിനെയും കരുവാക്കുകയാണെന്നും സക്കീന പറഞ്ഞു. ഇപ്പോള്‍ പ്രതികളാക്കിയ പെണ്‍കുട്ടികള്‍ക്ക് മുഹമ്മദിനെ കൊല്ലാനാകില്ലെന്നും ആ പെണ്‍കുട്ടിളെ സംരക്ഷിച്ചത് അദ്ദേഹമായിരുന്നെന്നും അവര്‍ പറഞ്ഞു.മുഹമ്മദ് ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഈ കൊല നടത്താനാകില്ല. തന്‍റെ സഹോദരനും മകനുമാണ് കൊന്നത്. പെണ്‍കുട്ടികളുടെ പിതാവും മുഹമ്മദുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും മുഹമ്മദിന്റെ ഭാര്യ പറഞ്ഞു.

അമ്പലവയൽ ആയിരംകൊല്ലിയില്‍ മാതാവിനെ അക്രമിക്കാന്‍ ശ്രമിച്ചയാളെ പെണ്‍മക്കള്‍ കോടാലി കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത. മുഹമ്മദ് (68) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ പൊലിസില്‍ കീഴടങ്ങിയിരുന്നു. ഇവരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും അവരുടെ മാതാവിനെ പൊലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.അമ്മയെ മുഹമ്മദ് ഉപദ്രവിക്കുന്നത് കണ്ട് കോടാലിയെടുത്ത് തലയ്‌ക്കടിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി. പത്താം ക്ലാസിലും പതിനൊന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് പെണ്‍കുട്ടികള്‍. കൊല്ലപ്പെട്ട മുഹമ്മദിന്റെ വാടക വീട്ടില്‍ അമ്മയ്ക്ക് ഒപ്പം വര്‍ഷങ്ങളായി താമസിച്ച്‌ വരികയായിരുന്നു ഇരുവരും.വലതുകാലിന്‍റെ കാല്‍മുട്ടിന് താഴെ മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുറിച്ചുമാറ്റപ്പെട്ട കാലിന്‍റെ ഭാഗം അമ്പലവയലിലെ ആശുപത്രിക്കുന്ന് പരിസരത്തുനിന്നാണ് കണ്ടെത്തിയത്.മൃതദേഹവും സംഭവം സ്ഥലത്തു നിന്ന് അകലെ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു. കാല്‍ മുറിച്ചു മാറ്റാനും മൃതദേഹം ദൂരെ ഉപേക്ഷിക്കാനുമൊന്നും പെണ്‍കുട്ടികള്‍ക്കാകില്ലെന്നാണ് സക്കീന ചൂണ്ടികാണിക്കുന്നത്. തന്‍റെ സഹോദരനില്‍ നിന്നും ഭര്‍ത്താവ് മുഹമ്മദിന് ഭീഷണി ഉണ്ടായിരുന്നെന്നും അവര്‍ പറഞ്ഞു. സഹോദരന്‍റെ ആദ്യ ഭാര്യയും പെണ്‍മക്കളുമാണ് കൊലപാതകത്തില്‍ പ്രതികളായി പൊലീസില്‍ കീഴടങ്ങിയത്. ഇവരെ സഹോദരന്‍ ഉപേക്ഷിച്ചപ്പോള്‍ സംരക്ഷിച്ചത് മുഹമ്മദായിരുന്നെന്നും സക്കീന പറഞ്ഞു.

Previous ArticleNext Article