ന്യൂഡൽഹി:സിബിഐ ഡയറക്ടര്‍ പദവിയില്‍ നിന്നും നീക്കിയതിന് പിന്നാലെ അലോക് വര്‍മ്മ സര്‍വ്വീസില്‍ നിന്നും രാജി വെച്ചു. സ്വാഭാവിക നീതി തനിക്ക് നിഷേധിച്ചു എന്ന് ആരോപിച്ചാണ് അലോക് വര്‍മ്മയുടെ രാജി. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടുന്ന ഉന്നതാധികാര സമിതി അലോക് വര്‍മ്മയെ സിബിഐ ഡയരക്ടര്‍ സ്ഥാനത്ത് നിന്നും വീണ്ടും നീക്കിയത്. ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്കായിരുന്നു മാറ്റം. എന്നാല്‍ ചുമതല ഏറ്റെടുക്കാനില്ലെന്ന് വ്യക്തമാക്കി നല്‍കിയ കത്തിലാണ് സര്‍വ്വീസില്‍ നിന്നും രാജി വെക്കുന്നതായി അലോക് വര്‍മ്മ വ്യക്തമാക്കിയിരിക്കുന്നത്.ഈ മാസം 31ന് വിരമിക്കാനിരിക്കുകയായിരുന്നു അലോക് വര്‍മ. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 23ന് അര്‍ധരാത്രി അലോക് വര്‍മയെ സിബിഐ തലപ്പത്തുനിന്ന് മാറ്റിയത് അദ്ദേഹം റഫേല്‍ കേസില്‍ അന്വേഷണത്തിന് തുടക്കമിട്ടതിനു തൊട്ടുപിന്നാലെയാണ്. അലോക് വര്‍മയെ പുറത്താക്കിയശേഷം സംഘപരിവാറിന്റെ വിശ്വസ്‌തനും വിവാദപുരുഷനുമായ നാഗേശ്വരറാവുവിനെയാണ് സിബിഐ തലപ്പത്ത് അവരോധിച്ചത്. ചുമതലയേറ്റയുടന്‍ റാവു നടപ്പാക്കിയത് കൂട്ടസ്ഥലംമാറ്റമാണ്. അന്യായസ്ഥലംമാറ്റത്തിനെതിരെ എ കെ ശര്‍മ എന്ന ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ ഉള്‍പ്പെടെ ആരോപണം ഉയര്‍ത്തിയിരുന്നു.ബിജെപിയുടെ വിശ്വസ്‌തനായ രാകേഷ് അസ്താനയെ സ്‌പെഷ്യല്‍ ഡയറക്ടറായി നിയമിച്ച് രാഷ്ട്രീയസര്‍ക്കാര്‍ അജന്‍ഡ നടപ്പാക്കുകയാണ് മോഡിസര്‍ക്കാര്‍ ചെയ്‌തത്.അസ്‌താനയ്‌ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അലോക് വര്‍മ ശ്രമിച്ചതും സ്ഥാനചലനത്തിനു കാരണമായി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തിരിച്ചുവന്ന അലോക് വര്‍മ സിബിഐ ആസ്ഥാനത്ത് വീണ്ടും അഴിച്ചുപണിക്ക് ഉത്തരവിട്ടിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന് കസേര നഷ്‌ടമായി.