ചെന്നൈ: കൊവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവച്ചതിന് പിന്നാലെ ഗുരുതര ആരോഗ്യപ്രശ്‌നം ഉണ്ടായെന്ന ആരോപണം ഉന്നയിച്ചെത്തിയ പരാതിക്കാരനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസിന് ഒരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വാക്‌സിന്‍ കുത്തിവച്ചതിന് ശേഷം നാഡീസംബന്ധമായും മറ്റ് ശാരീരിക പ്രയാസങ്ങളും നേരിട്ടെന്നാണ് ചെന്നൈ സ്വദേശിയായ 40 കാരന്‍ ആരോപിച്ചത്. ഇയാള്‍ നഷ്ടപരിഹാരമായി അഞ്ച് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു.
ആരോപണം ദുരൂഹത നിറഞ്ഞതാണെന്നും യുവാവിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ വാക്സിന്‍ സ്വീകരിച്ചത് മൂലമുണ്ടായതല്ലെന്ന് ഡോക്ടര്‍മാറടക്കം സാക്ഷ്യപ്പെടുത്തിയിട്ടും പരസ്യമായി രംഗത്തെത്തിയത് ദുരുദ്ദേശത്തോടെയാണെന്ന് കമ്പനി അധികൃതര്‍ പറയുന്നു. ഒക്ടോബര്‍ ഒന്നിനാണ് ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന സ്ഥാപനത്തില്‍ നിന്ന് ഇയാള്‍ വാക്‌സിന്‍ എടുത്തത്. നിലവില്‍ തന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ദീര്‍ഘകാലം ചികിത്സ നടത്തേണ്ടി വരുമോ എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ വക്കീല്‍ നോട്ടീസ് ലഭിച്ച് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഇയാളുടെ ആരോഗ്യനിലയെക്കുറിച്ച് സഹതാപമുണ്ടെങ്കിലും വാക്സിനെതിരെ നടത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. നൂറുകോടി രൂപയുടെ മാനനഷ്ടക്കേസിനാണ് കമ്പനി ഒരുങ്ങുന്നത്. അത്തരം അവകാശവാദങ്ങള്‍ ഇനിയും ഉയര്‍ന്നാലും അതിനെയെല്ലാം എതിര്‍ക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.